തൃശൂർ: കൊടകര കുഴൽപ്പണ ആരോപണത്തിൽ മറുപടിയുമായി ബിജെപി ജില്ലാ അദ്ധ്യക്ഷൻ കെ.കെ അനീഷ്കുമാർ. സിപിഎം വിലയ്‌ക്കെടുത്തയാളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്ന സതീഷെന്നും ഇക്കാര്യത്തിൽ ഏതുതരത്തിലുള്ള അന്വേഷണവും നേരിടാൻ ബിജെപി നേതാക്കൾ തയ്യാറാണെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി. ആരോപണം ഉന്നയിച്ച സതീഷ് യാതൊരു വിശ്വാസ്യതയും നിലവാരവുമില്ലാത്ത വ്യക്തിയാണ്. സാമ്പത്തിക ക്രമക്കേടുകളെ തുടർന്നാണ് അയാളെ ബിജെപിയിൽ നിന്ന് മാറ്റിനിർത്തിയതെന്നും കെകെ അനീഷ്കുമാർ അറിയിച്ചു.
“2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത്, ഏതെങ്കിലും സമയത്ത് കെ. സുരേന്ദ്രൻ തൃശൂർ ജില്ലയിൽ പ്രവേശിച്ചിട്ടുണ്ടോയെന്ന് നിങ്ങൾക്ക് അന്വേഷിക്കാം. പൊലീസ് അന്വേഷിക്കട്ടെ, പരിശോധിക്കട്ടെ. ഇപ്പോൾ വരുന്ന ആരോപണങ്ങൾ പച്ചക്കള്ളമാണ്. സതീഷിനെ സിപിഎം വിലയ്‌ക്കെടുത്തതിന്റെ ഭാഗമായാണ് ഇപ്പോൾ വരുന്ന ആരോപണങ്ങൾ. ബിജെപിയുടെ വിജയസാധ്യത തകർക്കുക എന്ന ഉദ്ദേശ്യത്തോടെ ബോധപൂർവം കെട്ടിച്ചമച്ച കഥയാണിത്. ഏത് തെരഞ്ഞെടുപ്പ് വരുമ്പോഴും കൊടകര കുഴൽപ്പണ ആരോപണം ഉന്നയിച്ചുകൊണ്ടേയിരിക്കും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തും ഇതുണ്ടായിരുന്നു. എല്ലാ വോട്ടെടുപ്പ് ഘട്ടങ്ങളിലും ആരെങ്കിലുമൊക്കെ കൊടകര വിഷയം പൊക്കിക്കൊണ്ടുവരും. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട സതീഷ് ഇത്രയും കാലം എന്തുകൊണ്ട് ഈ ആരോപണം ഉന്നയിച്ചില്ല? യാതൊരു ക്രെഡിബിലിറ്റിയുമില്ലാത്ത സതീഷിനെ പോലെയൊരാൾ പറയുന്ന ആരോപണങ്ങൾക്ക് യാതൊരു വിലയും ബിജെപി കൽപ്പിക്കുന്നില്ല. സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതിന്റെ ഭാഗമായി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണ് സതീഷ്. ഒരുനിലയ്‌ക്കും പാർട്ടിയിൽ വച്ചുപൊറുപ്പിക്കാൻ പറ്റാത്ത പ്രവൃത്തികൾ കൈവശമുള്ളയാളാണ്. ഇയാളെക്കുറിച്ച് തൃശൂരിലെ ആരോട് വേണമെങ്കിലും അന്വേഷിക്കാം. സതീശനെ അറിയുന്ന ആരോടും അയാളെക്കുറിച്ച് ചോദിക്കാം. എന്തുകൊണ്ട് സതീഷിനെ ബിജെപിയിൽ നിന്ന് മാറ്റിനിർത്തിയെന്ന് അപ്പോൾ ബോധ്യമാകും. കൊടകര കുഴൽപ്പണക്കേസിൽ പുതിയ ആരോപണം ഉന്നയിച്ചയാൾക്ക് എന്ത് ക്രെഡിബിലിറ്റിയാണുള്ളതെന്ന് അറിയാൻ കഴിയും.”- കെകെ അനീഷ്കുമാർ പറഞ്ഞു.
കൊടകരയിൽ കുഴൽപ്പണമായി എത്തിയത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു തിരൂർ സതീഷ് പറഞ്ഞത്. ആറ് ചാക്കുകളിലായി എത്തിയ കുഴൽപ്പണം ചുമന്നതും കാവലിരുന്നതും താനാണെന്നായിരുന്നു ഇയാളുടെ ആരോപണം. ഇക്കാര്യത്തിലാണ് ബിജെപി ജില്ലാ നേതൃത്വം വിശദീകരണം നൽകിയത്.