ഹൈദരാബാദ്: ബൈക്കിൽ കൊണ്ടുപോയ പടക്കംപൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ആറുപേർക്ക് പരിക്ക്. ആന്ധ്രാപ്രദേശിലെ ഏലൂരിലാണ് സംഭവം. അമിട്ടുകളുടെ വലിപ്പത്തിലുള്ള ദീപാവലി സ്പെഷ്യൽ പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. ബൈക്കിൽ പെട്ടിയിലാക്കി കൊണ്ടുപോവുകയായിരുന്നു. വാഹനം ഗട്ടറിൽ വീണതിനുപിന്നാലെ പടക്കംങ്ങൾ പൊട്ടിത്തെറിക്കുകയായിരുന്നു.
ആസൂത്രിത സ്‌ഫോടനങ്ങൾക്ക് ഉപയോഗിക്കുന്ന IED ക്ക് തുല്യമായ സ്ഫോടന ശേഷിയുള്ള പടക്കങ്ങളാണ് പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഉച്ചയ്‌ക്ക് 12.17നായിരുന്നു സംഭവം. അപകടത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇടുങ്ങിയ റോഡിലൂടെ രണ്ടുപേർ വെള്ള സ്കൂട്ടറിൽ പടക്കം നിറച്ച പെട്ടിയുമായി അതിവേഗത്തിൽ പോകുന്നു. പ്രധാന റോഡുമായി ചേരുന്ന സ്ഥലത്തിനടുത്തെത്തുമ്പോൾ ബൈക്ക് പൊട്ടിത്തെറിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഈ സമയം സ്ഥലത്ത് കൂട്ടം കൂടി നിന്നിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്.
ബൈക്ക് യാത്രികൻ സുധർ എന്ന വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഫോടനത്തെ തുടർന്ന് പ്രദേശം മുഴുവൻ കടും ചാരനിറത്തിലുള്ള പുക കൊണ്ട് മൂടി. ബൈക്ക് പൂർണമായും കത്തിനശിച്ചു. പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിക്കേറ്റവരെ ഏലൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.















