മലയാളികൾക്ക് പ്രിയങ്കരനാണ് നേന്ത്രപ്പഴം അഥവാ വാഴപ്പഴം. പോഷകങ്ങളാൽ സമ്പന്നമായ പഴം സീസൺ ഭേദമില്ലാതെ വർഷം മുഴുവൻ ലഭ്യമാകുമെന്നതാണ് പ്രത്യേകത. എന്നാൽ നേന്ത്രപ്പഴം കഴിച്ചാൽ ചുമയും ജലദോഷവും വരുമെന്ന് കരുതി ഇത് ഒഴിവാക്കുന്ന ചിലരുണ്ട്. അതിൽ എന്തെങ്കിലും വാസ്തവമുണ്ടോ? പരിശോധിക്കാം..
ചുമയും ജലദോഷവും വരുത്തുന്നതിനുള്ള കാരണക്കാർ വൈറസാണ്. വായുവിൽ തങ്ങിനിൽക്കുന്ന വൈറസാണ് ചുമയും ജലദോഷവുമുണ്ടാക്കുക, അല്ലാതെ വാഴപ്പഴമല്ല. പക്ഷെ ചിലഘട്ടങ്ങളിൽ വാഴപ്പഴം ആരോഗ്യത്തിന് വില്ലനായേക്കാം. ഉദാഹരണത്തിന്, നിങ്ങൾക്ക് സുഖമില്ലാതെ ഇരിക്കുകയാണെന്ന് കരുതുക. പനിയോ ജലദോഷമോ അനുഭവപ്പെടുന്ന സാഹചര്യത്തിൽ വാഴപ്പഴം കഴിച്ചാൽ അത് കഫം വർദ്ധിപ്പിക്കാൻ ഇടയാക്കും. അതുവഴി നിങ്ങളുടെ ജലദോഷവും ചുമയും വർദ്ധിക്കാൻ ഇടയുണ്ട്. അതിനാൽ പനിയും കഫക്കെട്ടും അനുഭവപ്പെടുന്ന സമയത്ത് വാഴപ്പഴം വേണമെങ്കിൽ ഒഴിവാക്കാവുന്നതാണ്.
ആസ്ത്മയും അലർജിയുമുള്ള വ്യക്തികൾ വാഴപ്പഴം കഴിച്ചാൽ ചെറിയരീതിയിൽ റിയാക്ഷൻ നേരിട്ടേക്കാം. പഴുപ്പ് കൂടിയതോ തണുപ്പുള്ളതോ ആയ വാഴപ്പഴം കഴിക്കുമ്പോൾ ചിലപ്പോൾ അസ്വസ്ഥതകൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ഭക്ഷണങ്ങളോട് അലർജിയുള്ള വ്യക്തികൾ വാഴപ്പഴം കഴിക്കുമ്പോൾ ഉചിതമായ പഴം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.















