ടെൽ അവീവ്: ഇറാന് വേണ്ടി ചാരവൃത്തി നടത്തിയ ഇസ്രായേലി ദമ്പതികളെ പിടികൂടി ഇസ്രായേൽ പൊലീസ്. ടെഹ്റാന് വേണ്ടി പ്രവർത്തിച്ച രണ്ട് ഗ്രൂപ്പുകളെ കയ്യോടെ പൊക്കിയതിന് തൊട്ടുപിന്നാലെയാണ് ചാരവൃത്തി ചെയ്ത ദമ്പതികളെ കൂടി ഇസ്രായേലി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചാരപ്പണിക്കായി ഇസ്രായേൽ ജനതയിൽ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്ത് ഇസ്രായേലിനെ തകർക്കാനുള്ള ഇറാന്റെ ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് രാജ്യത്തെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റ് പ്രതികരിച്ചു.
റാഫേൽ, ലാല ഗൊലീവ് എന്നിവരാണ് ഇറാന് വേണ്ടി പ്രവർത്തിച്ചതിന് പിടിയിലായത്. ഇസ്രായേലിലെ ലോഡ് നിവാസികളാണ് ഇരുവരും. ഇറാന് വേണ്ടി പണിയെടുക്കുന്ന എൽഗാൻ അഗായേവ് എന്ന അസർബൈജാനിയാണ് ഇസ്രായേലി ദമ്പതികളെ റിക്രൂട്ട് ചെയ്തത്. മൊസാദിന്റെ ആസ്ഥാനമടക്കമുള്ള സുപ്രധാന ലൊക്കേഷനുകളെക്കുറിച്ച് ഇറാന് വിവരം കൈമാറുകയാണ് ചാരദമ്പതികൾ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ടെൽ അവീവിലുള്ള ദേശീയ സുരക്ഷാ പഠനകേന്ദ്രത്തെക്കുറിച്ചുള്ള വിശദാംശങ്ങളും ദമ്പതികൾ ഇറാന് കൈമാറിയിട്ടുണ്ട്.
ഒക്ടോബർ 22ന് മറ്റൊരു സംഘത്തെ ഇസ്രായേലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇറാന് വേണ്ടി ഇസ്രായേലിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട ഏഴ് പാലസ്തീനികളെ കിഴക്കൻ ജറുസലേമിൽ നിന്നാണ് ഇസ്രായേലി പൊലീസ് പിടികൂടിയത്. അതിന് തൊട്ടുമുൻപത്തെ ദിവസം ഇറാന്റെ ചാന്മാരായ ഏഴ് ഇസ്രായേലികളെ ഹൈഫയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.