തിരുവനന്തപുരം: വിഴിഞ്ഞത്ത് ദീപാവലി ആഘോഷത്തിനിടെ അപകടം. അമിട്ട് പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി തകർന്നു. തുന്നിച്ചേർക്കാൻ കഴിയാത്തതിനാൽ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റേണ്ടി വന്നു. മുല്ലൂർ തലയ്‌ക്കോട് സ്വദേശി നയൻ പ്രഭാതിന്റെ (20) വലത് കൈപ്പത്തിയാണ് നഷ്ടമായത്.
ദീപാവലി ആഘോഷത്തിന്റെ ഭാഗമായി യുവാവും സുഹൃത്തുക്കളും വീട്ടുമുറ്റത്തു പടക്കങ്ങൾ പൊട്ടിക്കുന്നതിനിടെയാണ് അപകടം. ഇവർ കത്തിച്ച് റോഡിലേക്കെറിഞ്ഞ അമിട്ട് ഏറെനേരമായിട്ടും പൊട്ടിയിരുന്നില്ല. എന്നാൽ ഈ സമയത്ത് റോഡിലൂടെ ലോറി വരുന്നത് കണ്ട യുവാവ് അമിട്ട് എടുത്തുമാറ്റാനായി ചെല്ലുമ്പോഴാണ് അപകടം. കയ്യിലെടുത്ത് വലിച്ചെറിയാൻ ശ്രമിക്കുമ്പോഴേക്കും അമിട്ട് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
സ്‌ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി ചിന്നിച്ചിതറി. ഉടൻതന്നെ യുവാവിനെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് നെയ്യാറ്റിൻകര ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ വേർപ്പെട്ട കൈപ്പത്തി ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതിനെത്തുടർന്നാണ് കൈപ്പത്തി മുറിച്ചുമാറ്റേണ്ടി വന്നത്. യുവാവ് തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.