ന്യൂഡൽഹി: രാജ്യമാകെ 4ജി സേവനം വ്യാപിപ്പിച്ച് ബിഎസ്എൻഎൽ. വിദൂര പ്രദേശങ്ങളിൽ ഉൾപ്പടെ 50,000-ലധികം ഇടങ്ങളിലാണ് 4ജി യാഥാർത്ഥ്യമാക്കിയത്. ഇതിൽ 41,000 സെെറ്റുകൾ സർവീസ് ആരംഭിച്ചു. കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്.
ആത്മനിർഭർ ഭാരതിന് കീഴിൽ ടാറ്റയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യവുമായി ചേർന്നാണ് ബിഎസ്എൻഎൽ ദ്രുതഗതിയിൽ 4ജി സേവനം യാഥാർത്ഥ്യമാക്കുന്നത്. ഒരു ലക്ഷം ടവറുകൾ സ്ഥാപിക്കുന്നതിനായി 24,500 കോടി രൂപയുടെ കരാറിലാണ് ബിഎസ്എൻഎൽ ഒപ്പുവച്ചിരിക്കുന്നത്. ഇതിൽ 36,747 സൈറ്റുകൾ പദ്ധതിയുടെ IX.2 ഘട്ടത്തിലും 5,000 സൈറ്റുകൾ ഡിജിറ്റൽ ഭാരത് നിധി ഫണ്ടിന്റെ (USOF) 4G സാച്ചുറേഷൻ പ്രോജക്റ്റിന് കീഴിലും സ്ഥാപിച്ചു.
തേജസ് നെറ്റ്‌വർക്ക്സ്, സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് ഓഫ് ടെലിമാറ്റിക്‌സ് (സി-ഡോട്ട്), ഐടിഐ എന്നിവയും ടാറ്റയുടെ കൺസോർഷ്യത്തിന്റെ ഭാഗമാണ്. രാജ്യത്തിന്റെ കണക്റ്റിവിറ്റി ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഇന്ത്യയുടെ സ്വദേശീയ സാങ്കേതികവിദ്യയുടെ കരുത്ത് പ്രദർശിപ്പിക്കാൻ ഇവയ്‌ക്ക് സാധിക്കുന്നു. പൂർണ്ണമായും ഇന്ത്യൻ കമ്പനികൾ രൂപകൽപന ചെയ്യുകയും വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്തതാണ് ബിഎസ്എൻഎല്ലിന്റെ 4ജി നെറ്റ്‌വർക്ക് എന്നതും പ്രത്യേകതയാണ്. ‘പൂർണ സ്വദേശി’ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണ് ഇതെന്നും പുതുയുഗത്തിലേക്കാണ് പ്രവേശിക്കുന്നതെന്നും മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
വരുന്ന ജൂണിന് മുൻപായി രാജ്യത്ത് പൂർണതോതിൽ 4ജി സേവനമെത്തിക്കാൻ സാധിക്കുമെന്ന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഒരു മാസത്തിനകം 5ജിയും ലഭ്യമാകും.















