മോസ്കോ: ഗൂഗിളിന് വൻ പിഴ ചുമത്തി റഷ്യ. ലോകത്തെ മുഴുവൻ ജിഡിപിയേക്കാൾ വലിയ തുകയാണ് പിഴയായി ചുമത്തിയിരിക്കുന്നത്. റഷ്യൻ മീഡിയ ഔട്ട്ലെറ്റുകളുടെ വീഡിയോകളും ചാനലുകളും യൂട്യൂബിൽ ബ്ലോക്ക് ചെയ്തെന്ന കേസിലാണ് പിഴ. മോസ്കോ കോടതിയുടെ ഉത്തരവ് പ്രകാരം യൂട്യൂബിന്റെ മാതൃകമ്പനിയായ ഗൂഗിൾ $20,000,000,000,000,000,000,000,000,000,000,000 തുക റഷ്യക്ക് പിഴയായി നൽകണമെന്നാണ് വിധി.
പതിനേഴ് റഷ്യൻ ടെലിവിഷൻ ചാനലുകളും മറ്റ് മീഡിയ ഔട്ട്ലെറ്റുകളും ആവശ്യപ്പെട്ട നഷ്ടപരിഹാരത്തിന്റെ ആകെ തുകയാണ് കോടതി ഉത്തരവിട്ട ഭീമൻ പിഴ. 2022 മാർച്ചിൽ റഷ്യ നടത്തിയ യുക്രെയ്ൻ അധിനിവേശത്തെ തുടർന്നായിരുന്നു റഷ്യൻ സർക്കാർ സ്‌പോൺസർ ചെയ്യുന്ന മീഡിയകൾക്കും പേജുകൾക്കും യൂട്യൂബിൽ ഗൂഗിൾ ഉപരോധം ഏർപ്പെടുത്തിയത്.
ഇതിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റഷ്യയിലെ മുൻനിര ചാനലുകളും മറ്റ് മീഡിയ ഔട്ട്ലെറ്റുകളും രംഗത്തുവന്നിരുന്നു. തുടർന്നാണ് പിഴയടയ്‌ക്കാൻ കോടതി ഉത്തരവിട്ടത്. മോസ്കോ കോടതിയുടെ ഉത്തരവ് പ്രകാരം ഗൂഗിൾ അടയ്‌ക്കേണ്ട തുക ഗൂഗിളിന്റെ 2 ട്രില്യൺ ഡോളർ വിപണി മൂല്യത്തെയും മറികടന്നുവെന്നാണ് പ്രത്യേകത. കൂടാതെ ആഗോള ജിഡിപിയേക്കാൾ വലിയ തുകയാണിത്.
പിഴ അടയ്‌ക്കുന്നതിന് പുറമേ യൂട്യൂബ് ഡിലീറ്റ് ചെയ്തു കളഞ്ഞ റഷ്യൻ ചാനലുകൾ പുനഃസ്ഥാപിക്കണമെന്നും കോടതി ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒമ്പത് മാസത്തെ ഗ്രേസ് പിരീഡിനുള്ളിൽ പിഴ അടയ്‌ക്കുകയും നിർദേശം പാലിക്കുകയും വേണം. അതിൽ പരാജയപ്പെട്ടാൽ, പിഴ ഇരട്ടിയാകും. ദിനംപ്രതി പിഴത്തുക കൂടുകയും ചെയ്തു.















