മലപ്പുറം നഗരത്തിൽ യഹിയ സിൻവറെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ്. ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് ഭീകരൻ യഹിയ സിൻവറുടെ ചിത്രമാണ് ഫ്ലക്സ് ബോർഡിൽ കൊടുത്തിട്ടുള്ളത്. “താങ്കളുടെ രക്തം ഞങ്ങളുടെ പോരാട്ട വഴികളെ കൂടുതൽ പ്രകാശ പൂരിതമാക്കു”മെന്ന് ഫ്ലക്സിൽ കുറിച്ചിട്ടുണ്ട്. എസ്ഐഒ എന്ന സംഘടനയുടെ പേരിലാണ് ബോർഡ്.
ഒക്ടോബർ 16നായിരുന്നു യഹിയ സിൻവർ കൊല്ലപ്പെട്ടത്. ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ വധിക്കുകയായിരുന്നു. ഗാസ മുനമ്പിൽ നടന്ന പ്രത്യേക ഓപ്പറേഷനിലാണ് സിൻവറെ വധിച്ചത്. മൃതദേഹം തിരിച്ചറിയാനാകാത്ത നിലയിൽ ലഭിച്ചതിനാൽ ഡിഎൻഎ പരിശോധനകൾ ഉൾപ്പടെ നടത്തിയാണ് ഹമാസ് തലവനാണെന്ന് ഇസ്രായേൽ ഉറപ്പിച്ചത്.
വർഷങ്ങൾക്ക് മുൻപ് ഇസ്രായേൽ ജയിലുകളിൽ യഹിയ സിൻവർ തടവിൽ കഴിഞ്ഞിരുന്ന കാലത്ത് ട്യൂമറിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇസ്രായേലി ഡോക്ടറാണ് യഹിയ സിൻവറെ അന്ന് ചികിത്സിച്ചത്. അന്നത്തെ മെഡിക്കൽ രേഖകൾ ഉപയോഗിച്ചാണ് മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധന നടത്താൻ കഴിഞ്ഞതെന്ന് ഇസ്രായേൽ അറിയിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ഹമാസ് നേതൃത്വവും യഹിയ സിൻവറുടെ മരണം സ്ഥിരീകരിച്ചു.