പാലക്കാട്: പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. ഷാഫി പറമ്പിലിനെതിരെ പിരായിരി മണ്ഡലം സെക്രട്ടറി ബി ശശിയും വാർഡ് മെമ്പർ സിതാരയും രംഗത്തെത്തി. പാർട്ടിയിൽ ഷാഫിയുടെ ഏകാധിപത്യമാണെന്ന് ഇരുവരും ആരോപിച്ചു.
കോൺഗ്രസ് വാർഡ് ആയിട്ട് കൂടി വികസന പദ്ധതികൾക്ക് ഫണ്ട് നൽകിയില്ല. വാർഡിലെ ജനങ്ങളോട് വോട്ട് ചോദിക്കാൻ സാധിക്കാത്ത സ്ഥിതിയാണെന്നും നേതാക്കൾ ആരോപിച്ചു. സിപിഎമ്മിന്റെ കുത്തകയായിരുന്ന വാർഡായിരുന്നു ജനങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകി കോൺഗ്രസ് പിടിച്ചെടുത്തത്. എന്നാൽ എംഎൽഎ, എംപി ഫണ്ടിൽ നിന്നും വികസന പദ്ധതികൾക്കായുള്ള ഫണ്ട് ലഭിച്ചില്ലെന്ന് ബി ശശി പറഞ്ഞു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഇതുവരെയും പാലിക്കാൻ സാധിച്ചിട്ടില്ലെന്നും ഷാഫിയുടെ ഏകാധിപത്യമാണ് പാർട്ടിയിൽ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഷാഫി പറമ്പിലിനെ വിജയിപ്പിക്കാനായി അഹോരാത്രം പ്രയത്‌നിച്ച കോൺഗ്രസ് പ്രവർത്തകരെ അദ്ദേഹം അവഗണിച്ചു. നാടിന്റെ വികസന പ്രവർത്തനങ്ങൾക്കായി ഷാഫിയെ സമീപിച്ചപ്പോൾ ആദ്യം ഒഴിവുകൾ പറഞ്ഞ് പിന്മാറിയെന്നും വീണ്ടും സമീപിച്ചപ്പോൾ അദ്ദേഹം പരാതികൾ കേൾക്കാൻ കൂട്ടാക്കിയില്ലെന്നും പിരിയാരി മണ്ഡലം സെക്രട്ടറി ആരോപിച്ചു.
സംഭവത്തിൽ വി ഡി സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതൃത്വങ്ങൾക്ക് കത്ത് നൽകിയെങ്കിലും പൂഴ്‌ത്തിവയ്‌ക്കാനുള്ള ശ്രമങ്ങളാണുണ്ടായത്. വരുന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി വോട്ട് ചോദിച്ചിറങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് മുൻപും ഷാഫി പറമ്പിലിന്റെ ഏകാധിപത്യമാണ് പാർട്ടിയിൽ നടക്കുന്നതെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു. നേരത്തെ സിപിഎമ്മിലേക്ക് ചേക്കേറിയ ഡോ. പി സരിനെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് യൂത്ത് കോൺഗ്രസ് നേതാവായ ശ്രീജിത്തിനെ ഷാഫി പറമ്പിൽ വിഭാഗം മർദ്ദിച്ചതായി പരാതി ഉയർന്നിരുന്നു.















