ശ്രീനഗർ: ജമ്മു കശ്മീരിലെ റിയാസി റംബാൻ ജില്ലകളെ ബന്ധിപ്പിക്കുന്ന റെയിൽവേ പലമായ ചെനാബ് പാലത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ പാകിസ്താൻ ശ്രമിച്ചതായി റിപ്പോർട്ടുകൾ. ചൈനീസ് രഹസ്യാന്വേഷണ ഏജൻസികളുടെ നിർദ്ദേശപ്രകരമാണിതെന്നാണ് സൂചന.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് പാലം അടുത്തിടെ പരീക്ഷണ സർവീസുകൾ ആരംഭിച്ചിരുന്നു. ജമ്മു കശ്മീരും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. പാലത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ പാകിസ്താൻ ചൈനക്ക് ചോർത്തി നൽകാൻ ശ്രമിച്ചുവെന്നാണ് കണ്ടെത്തൽ.
20 വർഷങ്ങളെടുത്താണ് സർക്കാർ ജമ്മുവിലെ റിയാസി ജില്ലയിൽ പാലം പണി പൂർത്തിയാക്കിയത്. ജമ്മുവിലൂടെ പോകുന്ന 272 കിലോമീറ്റർ ഓൾ-വെതർ (all-weather) റെയിൽവേ സെക്ഷന്റെ ഭാഗമാണിത്. ഇതിന്റെ അവസാന സ്റ്റേഷൻ കശ്മീർ താഴ്വരയാണ്. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തർക്കങ്ങൾ നിലനിൽക്കുന്ന അതിർത്തി മേഖലയിൽ ചെനാബ് പാലത്തിന്റെ നിർമ്മാണത്തിലൂടെ തന്ത്രപരമായ മേൽക്കൈ നേടിയെടുക്കാനും ഇന്ത്യക്കായിട്ടുണ്ട്.















