തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി ഒരു തരത്തിലും പ്രതിരോധത്തിലായിട്ടില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. തിരൂർ സതീഷിനെ സി.പി.എം പണം കൊടുത്തു വാങ്ങിയതാണെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ച സിപിഎമ്മിന്റെ ഉന്നതായ നേതാവിനെ കണ്ടുപിടിക്കുമെന്നും ശോഭ പറഞ്ഞു. ചേലക്കരയിൽ അടിപതറാൻ പോകുന്നത് കൊണ്ടാണ് സി.പി.എം പുതിയ ആരോപണവുമായി വരുന്നതെന്നും ബിജെപി നേതാവ് പറഞ്ഞു.
തിരൂർ സതീഷിനെ സിപിഎം പണംകൊടുത്ത് വാങ്ങിയതാണ്. സതീഷ് എന്തിന് മുൻമന്ത്രി എ.സി.മൊയ്തീനെ നിരന്തരം കണ്ടുവെന്ന് വ്യക്തമാക്കണം. ഇക്കാര്യങ്ങൾ അന്വേഷിക്കാതിരിക്കാൻ പിണറായി വിജയന്റെ കൈ പടവലങ്ങയായിരുന്നോയെന്നും ശോഭ പരിഹസിച്ചു. കേരള പൊലീസിന്റെ കയ്യിൽ അന്വേഷണ റിപ്പോർട്ടുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ട് നാളിതുവരെ അത് ചർച്ചയായില്ലെന്നും ബിജെപി നേതാവ് ചോദിച്ചു.
പിണറായി പൊലീസ് മാസങ്ങളോളം ആരോപണ വിധേയരെ ചോദ്യം ചെയ്തിട്ടും ബിജെപിക്ക് എതിരായി ഒന്നും കണ്ടെത്തിയിട്ടില്ല. ഒരു കെട്ടുകഥ ചമച്ചുണ്ടാക്കി അതിന്റെ പിറകിൽ യാത്ര ചെയ്യുകയായിരുന്നു ആഭ്യന്തര വകുപ്പ്. ബിജെപിയെ തകർക്കാമെന്ന വ്യാമോഹത്തിലാണ് ഇപ്പോൾ പുതിയ ആരോപണങ്ങളുമായി വരുന്നതെന്നും ശോഭ പറഞ്ഞു.















