ന്യൂഡൽഹി: യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (UPI) വഴിയുള്ള ഡിജിറ്റൽ പണമിടപാടുകൾ കുതിച്ചുയർന്നു. ഒക്ടോബറിൽ മാത്രം രാജ്യത്ത് 23.5 ലക്ഷം കോടി രൂപയുടെ 16.58 ബില്യൺ ഇടപാടുകൾ നടന്നു. 2016 ഏപ്രിലിലാണ് യുപിഐ പ്രവർത്തനം ആരംഭിച്ചത്. ഇതിനുശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന സംഖ്യയാണിത്.
ഒക്ടോബറിൽ 467 ദശലക്ഷം ഇമ്മീഡിയറ്റ് പേയ്‌മെൻ്റ് സർവീസ് (IMPS) ഇടപാടുകൾ നടന്നു. സെപ്റ്റംബറിലെ 430 ദശലക്ഷത്തിൽ നിന്ന് 9 ശതമാനം വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ, ഐഎംപിഎസ് ഇടപാടുകൾ സെപ്റ്റംബറിലെ 5.65 ലക്ഷം കോടി രൂപയിൽ നിന്ന് 11 ശതമാനം വർധിച്ച് 6.29 ലക്ഷം കോടി രൂപയായി.
അതേസമയം, ഫാസ്റ്റ് ടാഗ് ഇടപാടുകളുടെ എണ്ണം സെപ്റ്റംബറിലെ 318 ദശലക്ഷത്തിൽ നിന്ന് ഒക്ടോബറിൽ 345 ദശലക്ഷമായി. 8 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മാത്രമല്ല 6,115 കോടി രൂപയുടെ ഇടപാടുകളും നടന്നു. ആധാർ ലിങ്ക് ചെയ്ത പേയ്മെന്റ് സിസ്റ്റത്തിൽ (AePS) 6,115 കോടിയുടെ ഇടപാടുകളും നടന്നു.
റിസർവ് ബാങ്കിന്റെ കറൻസി മാനേജ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റിൽ നിന്നുള്ള സാമ്പത്തിക വിദഗ്ധൻ പ്രദീപ് ഭുയാന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് നേരിട്ടുള്ള പണമിടപാടുകൾ ഉപഭോക്തൃ ചെലവിന്റെ 60 ശതമാനായി തന്നെ തുടരുകയാണ്. രാജ്യത്തെ യുപിഐ ഇടപാടുകളുടെ കുതിപ്പാണ് ഇതിന് കാരണം.















