അടുത്ത വർഷം പാകിസ്താനിൽ നടക്കുമെന്ന് പ്രഖ്യാപിച്ച ചാമ്പ്യൻസ് ട്രോഫി കാണാൻ ഇന്ത്യൻ ആരാധകർക്ക് വേഗത്തിൽ വീസ നൽകുമെന്ന് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വി. അമേരിക്കയിൽ നിന്നുള്ള ഒരു കൂട്ടം സിഖ് തീർത്ഥാടകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഫെഡറൽ ആഭ്യന്തര മന്ത്രികൂടിയായ നഖ്വി ഉറപ്പ് നൽകിയത്.
ചാമ്പ്യൻസ് ട്രോഫിക്കാൻ പാകിസ്താൻ സന്ദർശിക്കാൻ ഇന്ത്യൻ ആരാധകരിൽ നിന്ന് നല്ലാെരു പ്രതികരണം പ്രതീക്ഷിക്കുന്നുണ്ടെന്ന് നഖ്വി വ്യക്തമാക്കി. ഇന്ത്യൻ ആരാധകർക്ക് മത്സര ടിക്കറ്റിൽ പ്രത്യേക ക്വാട്ട നൽകുമെന്നും വീസ നടപടികൾ വേഗത്തിലാക്കാൻ ശ്രമിക്കുമെന്നും നഖ്വി വ്യക്തമാക്കി.
ലാഹോറിൽ നടക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരം കാണാൻ ഇന്ത്യൻ ആരാധകർ പാകിസ്താനിൽ എത്തുന്നത് കാണാൻ കാത്തിരിക്കുന്നതായും പിസിബി ചെയർമാൻ പറഞ്ഞു. അതേസമയം ഐസിസി ഇതുവരെ ടൂർണമെന്റിന്റെ സമയക്രമം പുറത്തിറക്കിയിട്ടില്ല. ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകുമോ എന്നതിന് ഉറപ്പ് ലഭിച്ച ശേഷമേ അന്തിമ തീരുമാനം എടുക്കൂ. സർക്കാർ അനുമതി നൽകിയാൽ മാത്രമേ പാകിസ്താനിലേക്ക് ടീമിനെ അയക്കൂയെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.