ഇതെന്താ അക്ഷരത്തെറ്റിന്റെ സമ്മേളനമോ! മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡൽ സൂക്ഷിച്ച് നോക്കുന്ന ആർക്കും ഇത് തോന്നാം. കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലിലാണ് ഇത്രയധികം അക്ഷരത്തെറ്റുകൾ കയറിക്കൂടിയത്. ലോഹനിർമിത മെഡലിൽ എഴുതിയിരിക്കുന്ന വാചകത്തിൽ പലയിടത്തും വള്ളിയും പുള്ളിയുമില്ല. മെഡൽ എന്നെഴുതിയതിലും അക്ഷരപ്പിശക് വന്നിട്ടുണ്ട്.
മെഡലിൽ എഴുതിയിരിക്കുന്ന വാചകമിങ്ങനെ:
“കേരളാ മുഖ്യമന്ത്ര യുടെ പോല സ് മെഡൻ”
കേരളാ പൊലീസ് രൂപീകരണ ദിനമായ നവംബർ ഒന്നിന് 264 പൊലീസുകാർക്കായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ 2024ലെ പൊലീസ് മെഡൽ സമ്മാനിച്ചത്. തിരുവനന്തപുരം പേരൂർക്കട ക്യാമ്പിലായിരുന്നു ചടങ്ങ്. മലയാള ഭാഷാ ദിനം കൂടിയായിരുന്നു നവംബർ ഒന്ന്. അതേദിവസം തന്നെ ഇത്തരമൊരു പിഴവ് സംഭവിച്ചത് വലിയ വീഴ്ചയായാണ് വിലയിരുത്തുന്നത്. ‘മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ’ എന്ന് എഴുതേണ്ടതിന് പകരം നിറയെ അക്ഷരത്തെറ്റ് വരുത്തിയ മെഡൽ, മുഖ്യമന്ത്രി തന്നെ വിതരണം ചെയ്തുവെന്നത് സർക്കാരിന് വലിയ നാണക്കേടായിരിക്കുകയാണ്.















