ധാക്ക: രാജ്യത്ത് ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ബംഗ്ലാദേശിൽ തെരുവിലിറങ്ങി പ്രതിഷേധിച്ച് 30,000ത്തിലധികം ഹിന്ദുക്കൾ. ഷെയ്ഖ് ഹസീന സർക്കാർ അട്ടിമറിക്കപ്പെട്ടതിന് പിന്നാലെ രാജ്യത്ത് ഹിന്ദുക്കൾക്കെതിരായി നടക്കുന്ന ആക്രമണങ്ങളിലും വലിയ വർദ്ധനവ് ഉണ്ടായതിയായി ഹിന്ദു സംഘടനകൾ പറയുന്നു. പിന്നാലെയാണ് തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ആവശ്യമായി ചാട്ടോഗ്രാമിൽ ഹിന്ദുക്കൾ പ്രതിഷേധ പ്രകടനം നടത്തിയത്.
രാജ്യത്ത് പലയിടങ്ങളിലും സമാനമായ രീതിയിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. രാജ്യത്തെ ജനസംഖ്യയുടെ എട്ട് ശതമാനം മാത്രമാണ് ഇപ്പോൾ ഹിന്ദുക്കളുള്ളത്. 1971ൽ ഇത് 21 ശതമാനമായിരുന്നു. ഓഗസ്റ്റിന് ശേഷം മാത്രം ഹിന്ദുക്കളുടെ വീടുകൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവ ആക്രമിക്കപ്പെട്ടത് ഉൾപ്പെടെ രണ്ടായിരത്തിലധികം അക്രമസംഭവങ്ങൾ ബംഗ്ലാദേശിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ന്യൂനപക്ഷ സംഘടനയായ ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ പറഞ്ഞു.
ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിന് കീഴിൽ സമാധാനം പുന:സ്ഥാപിക്കാൻ സാധിച്ചിട്ടില്ലെന്നും, ഷെയ്ഖ് ഹസീനയെ പുറത്താക്കിയ ശേഷം തീവ്ര ഇസ്ലാമിസ്റ്റുകൾ തങ്ങൾക്കെതിരെ വലിയ രീതിയിൽ ആക്രമണം നടത്തുകയാണെന്നും ഹിന്ദു വിഭാഗക്കാർ പറയുന്നു. ബംഗ്ലാദേശിലെ അക്രമസംഭവങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആശങ്ക അറിയിച്ചിരുന്നു. ഹസീനയെ പുറത്താക്കിയ ശേഷം ബംഗ്ലാദേശിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് ജോ ബൈഡൻ അറിയിച്ചിരുന്നു. അതേസമയം ബംഗ്ലാദേശിൽ ഹിന്ദു-ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങളാണെന്നും, ഇത് അത്യന്തം അപലപനീയമാണെന്നും ഡോണൾഡ് ട്രംപ് പറയുന്നു.
ഹിന്ദുക്കൾക്കെതിരെ വ്യാപകമായി കള്ളക്കേസുകൾ എടുക്കുന്നുണ്ടെന്നും, ഇത് അംഗീകരിക്കാനാകുന്നതല്ലെന്നും ഹിന്ദു സംഘടനകൾ അറിയിച്ചിട്ടുണ്ട്. രാഷ്‌ട്രീയപ്രേരിതമായി ഹിന്ദുക്കൾക്കെതിരെ രാജ്യദ്രോഹ കേസുകൾ എടുക്കുകയാണെന്നും ഇടക്കാല സർക്കാർ തീവ്ര ഇസ്ലാമിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഇവർ പറയുന്നു. എന്നാൽ രാജ്യത്ത് ഹിന്ദുക്കൾക്കെതിരെ ഉണ്ടാകുന്നത് വർഗീയ സംഘർഷമല്ലെന്നും, അവാമി ലീഗിനെ പിന്തുണച്ചവർക്കെതിരെയുള്ള സ്വാഭാവിക പ്രതിഷേധമാണെന്നുമാണ് ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിന്റെ വാദം.















