കൊച്ചി : മലയാളത്തിലെ പരിസ്ഥിതി വാദത്തിന്റെ മുഖവും ശബ്ദവുമായിരുന്ന കവയത്രി സുഗതകുമാരിയുടെ നവതി ആഘോഷമായ “സുഗതനവതി”ക്ക് തുടക്കമായി.തിരുവാണിയൂർ കുഴിയറയിലെ കൊച്ചിൻ റിഫൈനറി സ്കൂൾ വളപ്പിൽ പാരിജാത തൈ നട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നവതി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ എം ശങ്കർ അധ്യക്ഷനായി മിസോറാം മുൻ ഗവർണറും സുഗതനനവതി ആഘോഷസമിതി സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരൻ ആമുഖപ്രഭാഷണം നടത്തി.
“സുഗത സൂക്ഷ്മവനം” പദ്ധതിയുടെ ഭാഗമായി കൊച്ചി സ്കൂളിൽ 90 ഓളം വിവിധതരം വൃക്ഷത്തൈകൾ നട്ടു. വൃക്ഷങ്ങൾ നടുന്നതിന്റെയും പരിപാലിക്കുന്നതിന്റെയും ആവശ്യകതയെപ്പറ്റി കുമ്മനം രാജശേഖരൻ കുട്ടികളുമായി സംവദിച്ചു. സുഗതകുമാരി രചിച്ച ഒരു തൈ നടാം നമുക്ക് അമ്മയ്‌ക്ക് വേണ്ടി എന്ന കവിത റിഫൈനറി സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.
ഹാബിറ്റാറ്റ് ചെയർമാൻ പദ്മശ്രീ ഡോ. ജി.ശങ്കർ, മുതിർന്ന മാധ്യമ പ്രവർത്തകൻ ഡോ. ബിജു കൃഷ്ണൻ, കൊച്ചിൻ റിഫൈനറി ജനറൽ മാനേജർ ജോർജ് തോമസ്, ശ്രീ. ബി. പ്രകാശ് ബാബു, ശ്രീമതി. ഡോ. ഇന്ദിര രാജൻ, ശ്രീ. ശ്രീമന്നനാരായണൻ, ശ്രീ. സജി ആവിഷ്‌ക്കാർ തുടങ്ങിയവർ സംസാരിച്ചു.
സുഗതോത്സവം എന്ന പേരിൽ ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളാണ് ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കുന്ന സുഗത സൂക്ഷ്മ വനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം ഏഴിന് കേന്ദ്ര നിയമ നീതിന്യായ പാർലമെന്ററി കാര്യ സഹമന്ത്രി അർജുൻ റാം മേഘവാൾ ഉദ്ഘാടനം ചെയ്യും. പെരുമ്പാവൂർ പ്രകൃതി സ്കൂളിൽ വച്ച് ഉച്ചയ്‌ക്ക് 12നാണ് പരിപാടി.