ഇന്ത്യ-ചൈന അതിർത്തിയിൽ 17,500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ലിപുലേഖ് പാസ് കയറിയ ആദ്യ മോട്ടോർസൈക്കിൾ യാത്രികയെന്ന നേട്ടം കാഞ്ചൻ ഉഗുരുസാൻഡിക്ക്. ഝാർഖണ്ഡ് സ്വദേശിയായ ഈ 32-കാരി വനവാസി യുവതിയാണ്. ഏറെ വെല്ലുവിളി നിറഞ്ഞ കൈലാസ് മാനസരോവർ റോഡിലൂടെ യാത്ര പൂർത്തിയാക്കിയത് അവളുടെ അചഞ്ചലമായ നിശ്ചയദാർഢ്യത്തിന്റെ ഫലമായാണ്.
ഡൽഹിയിൽ നിന്നാണ് കാഞ്ചൻ തന്റെ യാത്ര തുടങ്ങിയത്. ഉത്തരാഖണ്ഡിലെ പിത്തോരഗഡ് വഴി അവൾ മുന്നോട്ട് നീങ്ങി. തീർത്തും പ്രയാസമേറിയ ഭൂപ്രദേശങ്ങളിലൂടെയും ഉയർന്ന ആൾട്ടിറ്റ്യൂഡിലൂടെയും സഞ്ചരിച്ചാണ് അവൾ ലിപുലേഖ് പാസിലെത്തിയത്.
കഴിഞ്ഞ രണ്ട് വർഷമായി തുടരുന്ന പ്രയ്തനത്തിന്റെ ഫലമാണിതെന്ന് കാഞ്ചൻ പറയുന്നു. “ലിപുലേഖിൽ എത്താൻ കഴിഞ്ഞ 2 വർഷമായി ശ്രമിക്കുന്നുണ്ട്. എന്നാൽ ധാർചുലയ്‌ക്ക് സമീപം മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് രണ്ട് തവണ യാത്ര പകുതിയാക്കി മടങ്ങേണ്ടി വന്നു. ഇത് മൂന്നാമത്തെ ശ്രമമായിരുന്നു, അതിൽ വിജയിച്ചു.” കാഞ്ചൻ പറഞ്ഞു.
ബോർഡർ ഗേൾ അഥവാ അതിർത്തി പെൺകുട്ടി എന്നാണ് കാഞ്ചൻ അറിയപ്പെടുന്നത്. ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ അതിർത്തികളിലൂടെ സഞ്ചരിക്കുകയും 22 ഹിമാലയൻ ചുരങ്ങൾ താണ്ടുകയും ചെയ്തിട്ടുണ്ട്.
അതിർത്തികളിൽ നിലയുറപ്പിച്ചിരിക്കുന്ന സൈനികരുടെ മനോവീര്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് കാഞ്ചൻ ഭാരതത്തിന്റെ അതിർത്തികളിലൂടെ യാത്രകൾ തുടരുന്നത്. തന്റെ യാത്രകൾ മറ്റ് സ്ത്രീകളെ പ്രചോദിപ്പിക്കുമെന്നും അവൾ പ്രത്യാശിക്കുന്നു.
ഇന്ത്യ, ചൈന, നേപ്പാൾ എന്നീ രാജ്യങ്ങളുടെ അതിർത്തിയിലായി സ്ഥിതിചെയ്യുന്ന ലിപുലേഖ് പാസ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമർഹിക്കുന്ന മേഖലയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി, തന്ത്രപരമായ നേട്ടം പരിഗണിച്ച് ചൈന അതിന്റെ വശങ്ങളിൽ റോഡുകൾ നിർമ്മിക്കുന്നുണ്ട്. ഇന്ത്യയുടെ ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (BRO) അടുത്തിടെ ലിപുലേഖ് വരെ നീളുന്ന പാത നിർമിച്ചിരുന്നു. അതുവഴി ലിപുലേഖിലേക്കുള്ള യാത്ര സുരക്ഷിതമാവുകയും അടിയന്തരഘട്ടങ്ങളിൽ ഇന്ത്യൻ സൈന്യത്തിന് അതിവേഗം പ്രവേശനം ഉറപ്പാക്കുകയും ചെയ്തു.
ഇന്ത്യൻ തീർത്ഥാടകർ ടിബറ്റിലെ കൈലാസ പർവതത്തിൽ സ്ഥിതിചെയ്യുന്ന മാനസരോവറിൽ എത്തുന്നതിനായി നേപ്പാൾ വഴിയോ സിക്കിം വഴിയോ കാൽനടയായാണ് എത്താറുള്ളത്. ശ്രമകരമായ ഈ യാത്ര പലപ്പോഴും ആഴ്‌ചകളെടുത്ത് പൂർത്തിയാക്കേണ്ടി വരുന്ന പ്രയാസമേറിയ ട്രക്കിംഗ് അനുഭവം കൂടിയാണ്. ബിആർഒ നിർമിച്ച പുതിയ റോഡ് യാത്രയുടെ വെല്ലുവിളികൾ ലഘൂകരിക്കാൻ വലിയ തോതിൽ സഹായിച്ചിട്ടുണ്ട്.