ന്യൂയോർക്ക്: ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിനെതിരായ ആക്രമണങ്ങളെ അപലപിച്ച റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയും മുൻ യുഎസ് പ്രസിഡൻ്റുമായ ഡൊണാൾഡ് ട്രംപിനെ പ്രശംസിച്ച് ആഗോള ഹിന്ദു ആത്മീയ പ്രസ്ഥാനമായ ഇസ്കോൺ. അതേസമയം ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്ക് മുന്നിൽ ആഗോള നേതാക്കൾ മൗനം പാലിക്കുന്നതിൽ ഇസ്‌കോൺ ഇന്ത്യ വൈസ് പ്രസിഡൻ്റ് രാധാരാമൻ ദാസ് ശക്തമായ ആശങ്ക രേഖപ്പെടുത്തി.
ബംഗ്ലാദേശിൽ ഹിന്ദു സ്ത്രീകൾ ഇരകളാക്കപ്പെടുന്നുവെന്ന റിപ്പോർട്ടുകൾ രാധാരാമൻ ദാസ് ചൂണ്ടിക്കാട്ടി. മിക്ക കേസുകളിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ് അതിക്രമങ്ങൾക്ക് ഇരയാകുന്നത്. “ഒക്ടോബറിൽ മാത്രം ഹിന്ദു സ്ത്രീകളെ ലക്ഷ്യമിട്ടുള്ള നിരവധി ബലാത്സംഗ സംഭവങ്ങൾക്ക് ഞങ്ങൾ സാക്ഷ്യം വഹിച്ചു. എന്നിട്ടും ഈ വിഷയത്തിൽ ഐക്യരാഷ്‌ട്രസഭയിൽ നിന്നും ലോക നേതാക്കളിൽ നിന്നും കടുത്ത നിശബ്ദത തുടരുന്നു,” അദ്ദേഹം പറഞ്ഞു.
തങ്ങളുടെ സുരക്ഷയ്‌ക്കും അവകാശങ്ങൾക്കും വേണ്ടി വാദിക്കുന്നത് ആരാണെന്ന് ഹിന്ദു സമൂഹത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. 1978-ൽ അമേരിക്കയിലെ ആദ്യത്തെ രഥയാത്രയ്‌ക്ക് ന്യൂയോർക്കിൽ അദ്ദേഹം സൗകര്യമൊരുക്കിയതെങ്ങനെയെന്ന് വിവരിച്ചുകൊണ്ട് ഹിന്ദു സമൂഹത്തിന് ട്രംപ് നൽകിയ ചരിത്രപരമായ സംഭാവനകൾ രാധാരാമൻ ദാസ് ചൂണ്ടിക്കാട്ടി.
വ്യാഴാഴ്ച തന്റെ ദീപാവലി സന്ദേശത്തിൽ മതവിരുദ്ധ അജണ്ടകളിൽ നിന്ന് അമേരിക്കൻ ഹിന്ദുക്കളെ സംരക്ഷിക്കുമെന്നും അവരുടെ സ്വാതന്ത്ര്യത്തിനായി പോരാടുമെന്നും ട്രംപ് പ്രതിജ്ഞയെടുത്തു. ഇന്ത്യക്കാർക്ക് ദീപാവലി ആശംസകൾ നേർന്ന ട്രംപ് ഇന്ത്യയുമായും തന്റെ നല്ല സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമേരിക്കയുടെ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്നും പറഞ്ഞു.















