മുംബൈ: വിദേശനാണ്യ കരുതൽ ശേഖരത്തിൽ ആഗോള തലത്തിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനം. റഷ്യയെ മറികടന്നാണ് ഇന്ത്യ നേട്ടം സ്വന്തമാക്കിയത്. ചൈനയും ജപ്പാനും സ്വിറ്റ്സർലൻഡും മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ആ രാജ്യങ്ങളെ മറികടന്ന് ഒന്നാമത് എത്താനുള്ള കുതിപ്പിലേക്കാണ് ഇന്ത്യ ഉയർന്നുകൊണ്ടിരിക്കുന്നത് .
ലോകത്തിൽ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥ എന്ന നേട്ടത്തിനൊപ്പമാണ് രാജ്യം വിദേശനാണ്യ കരുതൽ ശേഖരത്തിലും റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ഇന്ത്യ.
ഒക്ടോബർ 25 ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 68,480 കോടി ഡോളറായി. ചൈനയക്ക് 3.31 ലക്ഷം കോടി ഡോളറും, ജപ്പാന് 1.25 ലക്ഷം കോടി ഡോളറും സ്വിറ്റ്സർലൻഡിന് 80,243 കോടി ഡോളറാണുമുള്ളത്.
പ്രതിസന്ധികളെ നേരിടാനുള്ള സമ്പദ്വ്യവസ്ഥയുടെ മൊത്തത്തിലുള്ള ശക്തിയെ പ്രതിനിധീകരിക്കുന്ന പ്രധാന ഘടകമാണ് വിദേശ വിനിമയ കരുതൽ ശേഖരം. റിസർവ് ബാങ്കാണ് ഇത് കൈകാര്യം ചെയ്യുന്നത്. യുഎസ് ഡോളർ, യൂറോ, ജാപ്പനീസ് യെൻ, പൗണ്ട് സ്റ്റെർലിംഗ് എന്നിങ്ങനെയുള്ള കറൻസികളിലും സ്വർണത്തിലുമാണ് കരുതൽ ശേഖരം സാധാരണയായി സൂക്ഷിക്കുന്നത്. റിസർവ് ബാങ്ക് റിപ്പോർട്ട് അനുസരിച്ച്, ഏകദേശം ഒരു വർഷത്തേക്കുള്ള രാജ്യത്തിന്റെ ഇറക്കുമതികൾ നിർവഹിക്കാൻ ഈ വിദേശനാണ്യ ശേഖരം മതിയാകും.