റാഞ്ചി: രാജ്യവും അതിർത്തികളും ഭേദിച്ചുള്ള പ്രണയങ്ങൾ കഥകളിൽ കേൾക്കുന്നതിനേക്കാൾ രസകരമാണ്. എന്നാൽ ഛത്തീസ്ഗഡിലെ ഭിന്ദിൽ നിന്നുള്ള പവൻ ഗോയലിന്റെയും ബ്രസീലിൽ നിന്നുള്ള റോസി നൈദ് ഷികേരയുടെയും പ്രണയകഥ ആളുകളെ അമ്പരപ്പിക്കുന്നതാണ്. തന്റെ ഭർത്താവിനെയും മകനെയും ഉപേക്ഷിച്ചാണ് റോസി പവനൊപ്പം ജീവിക്കാൻ ഇന്ത്യയിലെത്തിയത്.
റോസിക്ക് 51 വയസും പവന് 30 വയസും മാത്രമാണ് പ്രായം. 21 വയസിന്റെ പ്രായവ്യത്യാസം. മാത്രമല്ല 32 വയസുള്ള മകനാണ് റോസിക്കുള്ളത്. കാമുകന് മകനെക്കാൾ പ്രായം കുറവാണെന്നത് റോസിക്ക് ഒരു പ്രശ്നമായി തോന്നിയില്ല. മറ്റൊന്ന് ഇരുവരുടെയും ഭാഷയായിരുന്നു. രണ്ട് സംസ്ഥാനങ്ങളിൽ ആയാൽ പോലും ആശയവിനിമയത്തിന് ബുദ്ധിമുട്ടുന്നകാലത്ത് രണ്ട് രാജ്യങ്ങളിൽ നിന്നുള്ള ഇരുവരുടെയും പ്രണയത്തിനു മുന്നിൽ ഭാഷയും മുട്ടുകുത്തി.
കഴിഞ്ഞ വർഷം ഇന്ത്യയിലെ കച്ച് സന്ദർശനത്തിനിടെയാണ് റോസി പവനെ ആദ്യമായി കാണുന്നത്.ഇരുവരും പെട്ടന്ന് സൗഹൃദത്തിലായി. അത് പിന്നീട് ആഴത്തിലുള്ള പ്രണയബന്ധമായി വളർന്നു. കാലക്രമേണ സോഷ്യൽ മീഡിയയിലൂടെ ഇരുവരുടെയും ബന്ധം ശക്തിപ്പെട്ടു. തുടർന്ന് റോസി പവനെ വിവാഹം കഴിക്കാനുള്ള ധീരമായ തീരുമാനവുമെടുത്തു. ബ്രസീലിലെ ജീവിതം ഉപേക്ഷിച്ച് പോകാനുള്ള അവരുടെ തീരുമാനം എളുപ്പമായിരുന്നില്ല. ഭർത്താവും 32 വയസ്സുള്ള മകനുമായുള്ള ബന്ധം വേർപെടുത്തിയാണ് അവർ ഇന്ത്യയിലെത്തിയത്. ഇപ്പോൾ പവന്റെ കുടുംബത്തോടൊപ്പം ഡൽഹിയിൽ താമസിക്കുന്ന ഇരുവരും വിവാഹിതരാകാനുള്ള തയാറെടുപ്പിലാണ്.