അനന്തനാഗ്: ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് സൈന്യം. ഹൽക്കൻ ഗലി മേഖലയിൽ സുരക്ഷാ സേന ആരംഭിച്ച ഭീകരവിരുദ്ധ ഓപ്പറേഷനു പിന്നാലെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് ചില ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് സൈന്യം തെരച്ചിൽ ആരംഭിച്ചത്. കൊല്ലപ്പെട്ടവരിൽ ഒരാൾ വിദേശ ഭീകരനാണെന്നാണ് സൂചന
ശ്രീനഗറിലെ ഖാൻയാറിലും സമാനമായ ഏറ്റുമുട്ടലുണ്ടായിട്ടുണ്ട്. പൊലീസിന്റെയും സുരക്ഷാ സേനയുടെയും സംയുക്തസംഘം നടത്തിയ തെരച്ചിലിനിടെയാണ് ശ്രീനഗർ ജില്ലയിലെ ഏറ്റുമുട്ടൽ നടന്നത്.
രണ്ട് ദിവസങ്ങൾക്കുള്ളിൽ കശ്മീരിൽ നിന്നും റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ ഭീകരാക്രമണമാണിത്. കഴിഞ്ഞ ദിവസം രാത്രി ബുദ്ഗാം ജില്ലയിൽ ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിയുതിർത്തിരുന്നു. ആക്രമണത്തിനിടെ പരിക്കേറ്റ ഇരുവരെയും ശ്രീനഗറിലെ ജെവിസി ആശുപത്രിയിൽ ചികിത്സയിലാണ്.















