മുൻ പങ്കാളിയോട് പ്രതികാരം തീർക്കാൻ വിഷമൊഴിച്ച സൂപ്പ് നൽകി പെൺകുട്ടി കൊന്നത് അഞ്ച് പേരെ. കാമുകനും സുഹൃത്തുക്കളുമാണ് കൊല്ലപ്പെട്ടത്. മുൻ കാമുകനെ മാത്രമാണ് കൊല്ലാൻ പദ്ധതിയിട്ടതെങ്കിലും വിഷം കലർത്തിയ സൂപ്പ് സുഹൃത്തുക്കളും കുടിക്കുകയായിരുന്നു. ഇതോടെ എല്ലാവരും കൊല്ലപ്പെട്ടു. ഇവരിൽ രണ്ട് പേർ സഹോദരങ്ങളാണ്. നൈജീരിയയിലെ എഡോ സ്റ്റേറ്റിലാണ് നടുക്കുന്ന സംഭവമുണ്ടായത്. പ്രതിയായ 16-കാരി ആയിഷ സുലൈമാനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
പഴയ കാമുകനായ ഇമ്മാനുവൽ ഇലോഗിയോട് (19) കടുത്ത നീരസമായിരുന്നു പെൺകുട്ടിക്കുണ്ടായിരുന്നത്. ഇയാളെ കൊല്ലാൻ പദ്ധതിയിട്ട 16-കാരി ഒരുദിവസം സുഹൃത്തുക്കളെല്ലാവരും ഒത്തുകൂടിയ സമയം ഇതിനായി ഉപയോഗിച്ചു. വിഷം കലർത്തിയ പെപ്പർ സൂപ്പ് തയ്യാറാക്കി കാമുകന് വിളമ്പി. ഇതൊന്നുമറിയാതെ യുവാവ് ഇത് കഴിച്ചു. ഒപ്പമിരുന്ന കൂട്ടുകാർക്കും പങ്കുവച്ചു. ഇവരിൽ ഇമ്മാനുവലിന്റെ പുതിയ കാമുകയും ഉണ്ടായിരുന്നു. ഫലത്തിൽ വിഷസൂപ്പ് എല്ലാവരും കുടിച്ചു. ഇതോടെ ഓരോരുത്തരായി മരിച്ചുവീഴുകയായിരുന്നു. ഒക്ടോബർ 26-നായിരുന്നു സംഭവം നടന്നത്.
കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് വിധേയമാക്കിയെന്നും മരണകാരണം കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. സൂപ്പിലെ വിഷം ശരീരത്തിൽ പ്രവേശിച്ചതാണ് അഞ്ച് പേരുടെയും ജീവനെടുത്തതെന്നാണ് പ്രാഥമിക നിഗമനം.















