ഭോപ്പാൽ: മധ്യപ്രദേശിലെ ഉമരിയ ജില്ലയിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞ കാട്ടാനകളുടെ എണ്ണം 10 ആയി. കഴിഞ്ഞ ദിവസം ഗുരുതരമായ നിലയിൽ കണ്ടെത്തിയ മൂന്നു കാട്ടാനകൾ കൂടി ചരിഞ്ഞതോടെയാണ് ഇത് .ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിലെ ഖിതോലി റേഞ്ചിനു കീഴിലുള്ള സങ്കാനിയിലും ബകേലിയിലുമായിട്ടാണ് ഇത്രയും ആനകൾ ചരിഞ്ഞത്.
ഒക്‌ടോബർ 29, ചൊവ്വാഴ്ച ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ഉദ്യോഗസ്ഥരുടെ പതിവ് പട്രോളിംഗിനിടെ നാല് കാട്ടാനകളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു . 13 ആനകളുടെ കൂട്ടത്തിലെ മറ്റ് നാല് ആനകൾക്ക് അസുഖം ബാധിച്ചിരുന്നു. ആനക്കൂട്ടത്തിന്റെ ഭാഗമായ അവശേഷിക്കുന്ന ആനകളുടെ നീക്കം ഉദ്യോഗസ്ഥർ നിരീക്ഷിച്ചു വരികയായായിരുന്നു. വ്യാഴാഴ്ച രണ്ട് ആനകൾ കൂടി ചരിഞ്ഞതോടെ മൊത്തം മരണം പത്തായി.
അതിനിടെ ആനകൾ ചത്ത സംഭവത്തിൽ സംസ്ഥാന വനം വകുപ്പ് അന്വേഷണം ആരംഭിച്ചു . വെള്ളിയാഴ്ച മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ആനകളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മന്ത്രിയെയും ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരെയും ഉമരിയയിലേക്ക് അയക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. കൂടാതെ ചത്ത ആനകളിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ ഉത്തർപ്രദേശിലെ ഐസിഎആർ-ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്കും സാഗറിലെ ഫോറൻസിക് ലബോറട്ടറിയിലേക്കും അയച്ചതായി അധികൃതർ അറിയിച്ചു.
അതിനിടെ അന്വേഷണവുമായി ബന്ധപ്പെട്ട ഒരു മുതിർന്ന മൃഗഡോക്ടർ റിസർവിലെ ജീവനക്കാരെ ഉദ്ധരിച്ച് ആനകൾ നിലത്തു വീണു വിറച്ചു വിറച്ചാണ് ചത്തതെന്ന് പറഞ്ഞിരുന്നു. കിഴക്കൻ മധ്യപ്രദേശിലെ ഉമരിയ, കട്‌നി ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നതാണ് ബാന്ധവ്ഗഡ് കടുവ സങ്കേതം.















