ശ്രീനഗർ: ഭീകരരെ വധിക്കരുതെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. ഭീകരരെ കൊല്ലുന്നതിന് പകരം പിടികൂടണം. ഭീകരരെ ചോദ്യം ചെയ്യുന്നത് ആക്രമണങ്ങൾക്ക് പദ്ധതിയിടുന്ന വിശാലമായ ശൃംഖലകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുമെന്നാണ് ഫാരൂഖ് അബ്ദുള്ളയുടെ വാദം.
ബുദ്ഗാം ഭീകരാക്രമണത്തിൽ അന്വേഷണം വേണമെന്നും ജമ്മു കശ്മീർ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവരാണ് ആക്രമണത്തിന് പിന്നിലെന്നുള്ള സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. സർക്കാർ അധികാരത്തിലേറിയിട്ടും ഇത്തരം സംഭവങ്ങൾ തുടരുന്നതിന് പിന്നിലെ കാരണം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജമ്മു കശ്മീരിൽ നടക്കുന്ന ഭീകരാക്രമണങ്ങളിൽ പാകിസ്താന് പങ്കുണ്ടോ, കുറ്റപ്പെടുത്തേണ്ടതുണ്ടോ എന്ന ചോദ്യത്തിന് അന്വേഷണം വേണമെന്ന് മാത്രമേ പ്രതികരിക്കുന്നുള്ളൂവെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ജമ്മുവിലെ മുതിർന്ന നേതാവിന്റെ പരാമർശം വൻ വിമർശനങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്.
ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ ബിജെപി രംഗത്ത് വന്നു. പാകിസ്താനാണ് ഭീകര പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്നും അതിർത്തിയിലേക്ക് ഇരച്ചെത്തുന്നവർ പാക് ഭീകരരാണെന്ന് ഫാറൂഖ് അബ്ദുള്ളയ്‌ക്കെന്നല്ല എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും ഇനി എന്താണ് ഇതിൽ അന്വേഷിക്കേണ്ടതെന്നും ജമ്മു കശ്മീർ ബിജെപി അദ്ധ്യക്ഷൻ രവീന്ദ്രർ റെയ്ന വിമർശിച്ചു. എല്ലാവരും നമ്മുടെ സൈന്യത്തെയും പൊലീസിനെയും സുരക്ഷാ സേനയെയും പിന്തുണയ്‌ക്കണം. മനുഷ്യരാശിയുടെ ശത്രുക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും അദ്ദേഹം പറഞ്ഞു.
ബുദ്ഗാം ഭീകരാക്രമണം ഉത്സവ വേളയിൽ ആശങ്ക സൃഷ്ടിക്കാനായി നടത്തിയ ഭീരുത്വമായ ആക്രമണമാണെന്ന് ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ കവിന്ദർ ഗുപ്ത അപലപിച്ചിരുന്നു. പാക് നിർദ്ദേശം അനുസരിച്ച് ഇന്ത്യയിൽ പ്രവർത്തിക്കുന്നവരുണ്ട്. ഇത്തരം ആക്രമണങ്ങൾക്ക് ഉത്തരവാദികളായവരെ ഉടൻ കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
വെള്ളിയാഴ്ചയാണ് ബുദ്ഗാം ജില്ലയിൽ രണ്ട് പേർക്ക് നേരെ ഭീകരർ വെടിയുതിർത്തത്. പിന്നാലെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശം സൈന്യം വളഞ്ഞ് തിരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെ ശ്രീനഗറിലെ ഖൻയാർ മേഖലയിലും സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടലുണ്ടായിരുന്നു.















