ന്യൂഡൽഹി: വിമാനങ്ങൾക്ക് നേരെ ഉയരുന്ന ബോംബ് ഭീഷണികൾ തുടർക്കഥയാവുന്നതിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തി. ദുബായിൽ നിന്ന് ഡൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. വൃത്തിയാക്കുന്നതിനിടെ സീറ്റിനടിയിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയതെന്ന് ജീവനക്കാർ അറിയിച്ചു.
ഒക്ടോബർ 27നാണ് ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ AI916 വിമാനം എത്തിയത്. യാത്രക്കാർ ഇറങ്ങിയ ശേഷം വിമാനം ശുചീകരിക്കുന്നതിനിടെ സീറ്റിനിടയിലെ പോക്കറ്റിൽ നിന്ന് ശുചീകരണ തൊഴിലാളികൾക്ക് വെടിയുണ്ടകൾ ലഭിക്കുകയായിരുന്നു. ഇതോടെ ജീവനക്കാർ അധികൃതരെ വിവരം അറിയിച്ചു.
തുടർന്ന് നടത്തിയ പരിശോധനയിൽ മറ്റ് സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. വെടിയുണ്ടകൾ ഇരുന്നിരുന്ന സീറ്റിന് സമീപത്തായി ഇരുന്ന യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
യാത്രക്കാർ വിമാനത്തിൽ കയറുന്നതിന് മുൻപായി പരിശോധനകൾ നടത്തിയിരുന്നു. എവിടെ നിന്നുണ്ടായ വീഴ്ചയാണെന്ന് പരിശോധിച്ചുവരികയാണെന്നും ഗൗരവമുളള വിഷയമാണെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ മാസം നിരവധി ആഭ്യന്തര- അന്താരാഷ്‌ട്ര വിമാന സർവീസുകൾക്ക് നേരെ ബോംബ് ഭീഷണി ഉയർന്നിരുന്നു.















