ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരായ അധിക്ഷേപ പരാമർശത്തിൽ കനേഡിയൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി പ്രതിഷേധക്കുറിപ്പ് കൈമാറി. ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസൺ ആഭ്യന്തര മന്ത്രിക്കെതിരെ നടത്തിയ അസംബന്ധവും അടിസ്ഥാനരഹിതവുമായ പരാമർശങ്ങളിൽ ഇന്ത്യ ശക്തമായി പ്രതിഷേധിക്കുന്നതായി കുറിപ്പിൽ അറിയിച്ചു.
ഇത്തരം നടപടികൾ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ മുന്നറിയിപ്പ് നൽകി. ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് കനേഡിയൻ മന്ത്രി മാദ്ധ്യമത്തിന് നൽകിയ വാർത്ത. കനേഡിയൻ സർക്കാരിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെ തങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന കനേഡയുടെ തുറന്നു പറച്ചിൽ നയതന്ത്ര ഉടമ്പടികളുടെ നഗ്നമായ ലംഘനമാണ്. മർദനത്തിന്റെയും ഭീഷണിയുടെയും രൂപമായാണ് നടപടിയെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കാനഡയിലെ സിഖ് വംശജരയെും വിഘടനവാദികളെയും ലക്ഷ്യമിട്ടുള്ള പ്രചാരണം നടത്തുന്നതിനു പിന്നിൽ അമിത് ഷായാണെന്നാണ് ആരോപണമാണ് പുതിയ സംഭവ വികാസിത്തിന് അടിസ്ഥാനം. അമേരിക്കയിലെ പ്രശസ്ത മാധ്യമമായ വാഷിംഗ്ടൺ പോസിറ്റിനോടാണ് ഡേവിഡ് മോറിസൺ ഇക്കാര്യം പറഞ്ഞത്.യാതൊരു തെളിവുകളും ഇല്ലാതെയുള്ള ആരോപണം ഇന്ത്യ അന്ന് തന്നെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധമറിയിച്ച് നയതന്ത്രക്കുറിപ്പ് കൈമാറിയത്.















