ശിവകാർത്തികേയൻ പ്രധാന വേഷത്തിലെത്തിയ ചിത്രം അമരന്റെ അണിയറ പ്രവർത്തകർക്ക് ആശംസകളുമായി സംവിധായകൻ ലോകേഷ് കനകരാജ്. വീരമൃത്യു വരിച്ച ധീരസൈനികൻ മേജർ മുകുന്ദ് വരദരാജന് നൽകാവുന്ന ഏറ്റവും വലിയ ആദരവാണ് ഈ സിനിമയെന്ന് ലോകേഷ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു.
മുകുന്ദ് വരദരാജനായി എത്തിയ ശിവകാർത്തികേയനും ഇന്ദു റബേക്കയുടെ വേഷം ചെയ്ത സായ്പല്ലവിയും അവരുടെ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ചുവെന്നും എല്ലാവർക്കും അഭിനന്ദനങ്ങളെന്നും ലോകേഷ് എക്സിൽ കുറിച്ചു. സിനിമയുടെ അണിയറ പ്രവർത്തകർക്ക് ലോകേഷ് ആശംസ അറിയിച്ചു. ചിത്രം സംവിധാനം ചെയ്ത രാജ്കുമാർ പെരിയസ്വാമി, ജി വി പ്രകാശ് എന്നിവർക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇത്രയും വലിയൊരു സിനിമ നിർമിക്കുകയും അത് പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്ത ഉലകനായകൻ കമൽഹാസൻ, ആർ മഹേന്ദ്രൻ എന്നിവർക്കും ആശംസകളെന്ന് ലോകേഷ് എക്സിൽ കുറിച്ചു.
ഒക്ടോബർ 31-ന് റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 2014 ൽ കശ്മീരിലെ ഷോപ്പിയാനിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജിന്റെ ജീവിതകഥ പറയുന്ന അമരൻ ബോക്സോഫീസിൽ വലിയ കളക്ഷൻ സ്വന്തമാക്കി മുന്നേറുകയാണ്. ആദ്യ ദിവസം മാത്രം 42.3 കോടിയാണ് ചിത്രത്തിന് നേടാനായത്. മുകുന്ദ് വരദരാജനായി എത്തുന്ന ശിവകാർത്തികേയന്റെ പ്രകടനത്തെ കുറിച്ചും വളരെ നല്ല അഭിപ്രായങ്ങളാണ് പ്രേക്ഷകർ പങ്കുവക്കുന്നത്.