ഇടുക്കി: ഉപ്പുതറയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പീരുമേട് ടീ കമ്പനി തോട്ടത്തിന് സമീപത്തുള്ള തോട്ടിലാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. ശക്തമായ മഴയിൽ ശരീര ഭാഗങ്ങൾ ഒഴുകിയെത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.
തേയില തോട്ടത്തിൽ പണിക്കെത്തിയ കൃഷ്ണകുമാർ തോട്ടിലിറങ്ങിയപ്പോഴാണ് ഇവ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇയാൾ വിവരം നാട്ടുകാരെയും പൊലീസിനെയും അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ ഒരു കാലും നട്ടെല്ലിന്റെയും തലയോട്ടിയുടെയും ഭാഗങ്ങൾ കണ്ടെത്തി.
ഓഗസ്റ്റ് 7ന് ഉപ്പുതറയിൽ നിന്നും 85 കാരിയായ ചെല്ലമ്മയെ കാണാതായിരുന്നു. ഇപ്പോൾ ലഭിച്ച മൃതദേഹാവശിഷ്ടങ്ങൾ ചെല്ലമ്മയുടേതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറഞ്ഞു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെയും ഡിഎൻഎ പരിശോധനാ ഫലത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമേ കണ്ടത്തിയ ശരീര ഭാഗങ്ങൾ ചെല്ലമ്മയുടേതാണെന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.















