കണ്ണൂർ: രാഷ്‌ട്രീയ സ്വയംസേവക സംഘം കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖായിരുന്ന പുന്നാട് അശ്വിനി കുമാറിനെ ബസിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 14 പ്രതികളിൽ ഒരാളെ മാത്രം ശിക്ഷിച്ച കോടതി വിധിയിൽ നിരാശ പ്രകടിപ്പിച്ച് അമ്മ ലക്ഷ്മി അമ്മ. 14 പ്രതികളും ശിക്ഷിക്കപ്പെടണമെന്നും തനിക്ക് അത്രയ്‌ക്ക് വേദനയുണ്ടെന്നും അമ്മ ജനംടിവിയോട് പറഞ്ഞു.
സർക്കാർ തന്നെ മേൽക്കോടതിയേ സമീപിക്കണം. ഇല്ലെങ്കിൽ കുടുംബം അതിനുളള നടപടി സ്വീകരിക്കുമെന്നും ലക്ഷ്മി അമ്മ കൂട്ടിച്ചേർത്തു. വിധി വന്നതിനു പിന്നാലെയാണ് ലക്ഷ്മി അമ്മയുടെ വൈകാരിക പ്രതികരണം. അശ്വിനി കുമാറിന്റെ പിതാവ് മരിച്ചു. ഇനി താൻ മാത്രമാണുളളത്. താൻ മരിക്കുന്നതിനിപ്പുറം കേസിൽ തങ്ങൾക്ക് നീതി ലഭ്യമാകണമെന്നാണ് ആഗ്രഹമെന്നും ലക്ഷ്മി അമ്മ പറഞ്ഞു.
2005 മാർച്ചിലായിരുന്നു എൻഡിഎഫ് ക്രിമിനലുകൾ അശ്വിനി കുമാറിനെ വെട്ടിക്കൊന്നത്. ല്ലുകയായിരുന്നു. പട്ടാപ്പകൽ നഗരമദ്ധ്യത്തിൽ നിരവധിയാളുകളുടെ മുൻപിൽ വച്ചായിരുന്നു അശ്വിനി കുമാറിനെ എൻഡിഎഫുകാർ കൊലപ്പെടുത്തിയത്.
തുടക്കം മുതൽ തന്നെ അന്വേഷണസംഘം കേസ് അട്ടിമറിക്കാനുള്ള ശ്രമം നടത്തിയിരുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ദാമോദരൻ പ്രതികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കീഴടങ്ങിയ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പോലും ഈ ഉദ്യോഗസ്ഥൻ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.
സാക്ഷി മൊഴികൾ എല്ലാം അനുകൂലമായിരുന്നിട്ടും പ്രതികളെ ശിക്ഷിക്കാതിരുന്നത് ദുരൂഹമാണ്. മാതാവിന് വേണ്ട എല്ലാ നിയമസഹായവും സംഘടന നൽകുമെന്നും വത്സൻ തില്ലങ്കേരി വ്യക്തമാക്കി.