വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ വൈഎസ് ജഗൻ മോഹൻ റെഡ്ഡി സർക്കാരിന്റെ കാലത്ത് 450 കോടി രൂപ ചെലവിൽ റുഷിക്കൊണ്ട മലനിരകളിൽ പണികഴിപ്പിച്ച ആഡംബര ബംഗ്ലാവിനെ കുറിച്ച് പരസ്യ സംവാദത്തിന് തുടക്കമിടുമെന്ന് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. വിശാഖപട്ടണത്ത് ബംഗാൾ ഉൾക്കടലിന് അഭിമുഖമായി 61 ഏക്കറിലായിട്ടാണ് ഈ അത്യാഡംബര മാളിക നിർമ്മിച്ചിട്ടുള്ളത്.
ഇറ്റാലിയൻ മാർബിളുകളാണ് കെട്ടിട നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 12 കിടപ്പുമുറികളുള്ള ഈ പാലസ് നിർമ്മിക്കുന്നതിനായി 450 കോടി ജഗൻ മോഹൻ സർക്കാർ ചെലവഴിക്കുകയും ചെയ്തു. റുഷിക്കൊണ്ടയിലെ ഈ പാലസ് നിർമ്മിച്ചതിന് പിന്നാലെ വലിയ രീതിയിലുള്ള വിവാദങ്ങളും ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം മന്ത്രിമാർക്കും എംഎൽഎമാർക്കുമൊപ്പം ഇവിടെ എത്തിയതിന് ശേഷമാണ് ഈ പാലസിനെ കുറിച്ച് പരസ്യ സംവാദം നടത്താനുള്ള ശ്രമങ്ങൾ തുടങ്ങുമെന്ന് ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചത്.
ജഗൻ മോഹൻ റെഡ്ഡി സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി പരിസ്ഥിയെ നശിപ്പിച്ചതായും, രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ടാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതെന്നും ചന്ദ്രബാബു നായിഡു വിമർശിച്ചു. ” മുൻപ് ഈ സ്ഥലം സന്ദർശിക്കാൻ മാദ്ധ്യമങ്ങൾ ഉൾപ്പെടെ ആർക്കും അനുവാദം ഉണ്ടായിരുന്നില്ല. ജഗൻ മോഹന്റെ കാലത്ത് അതീവ രഹസ്യ സങ്കേതമായിരുന്നു ഇത്. നിയമങ്ങളെല്ലാം അന്നത്തെ സർക്കാർ കാറ്റിൽ പറത്തി. ദേശീയ ഹരിത ട്രൈബ്യൂണൽ, സുപ്രീം കോടതി, ഹൈക്കോടതി തുടങ്ങിയവയെ എല്ലാം വൈഎസ്ആർസിപി സർക്കാർ തെറ്റിദ്ധരിപ്പിച്ചു.
പദ്ധതി ടൂറിസം സംരംഭമെന്നാണ് ജഗൻ മോഹൻ അവകാശപ്പെട്ടത്. പിന്നീടത് വിശിഷ്ട അതിഥികൾക്ക് വേണ്ടി മാത്രമുള്ള ഇടമാണെന്ന് അവർ പ്രഖ്യാപിച്ചു. പൊതുപണമാണ് ഇത്തരത്തിൽ ദുരുപയോഗം ചെയ്ത് കളഞ്ഞത്. 300 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ, 100 കെവി പവർ സബ്സ്റ്റേഷൻ, 36 ലക്ഷം രൂപയുടെ ബാത്ത് ടബ് ഇതെല്ലാം ഈ പാലസിലുണ്ട്. രാജാക്കന്മാർ പോലും ചെയ്യാത്ത കാര്യമാണിത്. ഈ ഫണ്ട് ഉണ്ടായിരുന്നുവെങ്കിൽ ആന്ധ്രയിലെ എത്രയോ ജലസേചന പദ്ധതികൾക്ക് ഉപയോഗപ്പെടുത്താമായിരുന്നു. ഈ പദ്ധതി സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ വരും ദിവസങ്ങളിൽ നടത്തുമെന്നും” ചന്ദ്രബാബു നായിഡു പറഞ്ഞു.















