സതീഷിന് പിന്നിൽ എകെജി സെൻ്ററും പിണറായി വിജയനുമാണെന്ന് ശോഭ സുരേന്ദ്രൻ. തിരൂർ സതീഷ് പിണറായിയുടെ ടൂളാണെന്നും എകെജി സെൻ്റർ ഒരുക്കിയ തിരക്കഥയ്ക്ക് നാവ് മാത്രമാണ് സതീശനെന്നും ശോഭ പറഞ്ഞു. നാവ് സതീശന്റെയും പ്രവർത്തിക്കുന്നത് എകെജി സെൻ്ററുമാണ്. താൻ വിളിച്ചിരുന്നുവെന്ന് പറയുന്ന കോൾ ലിസ്റ്റ് ഹാജരാക്കണമെന്നും ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു. സതീഷിന്റെ പിന്നിൽ ആരെന്ന് പറയിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ശോഭ സുരേന്ദ്രന് സംസ്ഥാന അദ്ധ്യക്ഷനാകാൻ വേണ്ടി സതീശനെ കൊണ്ട് ഇക്കാര്യങ്ങൾ പറയിപ്പിക്കുകയാണെന്ന് വരുത്തി തീർക്കുകയാണ്. ശോഭ സുരേന്ദ്രന് പാർട്ടി സംസ്ഥാന സെക്രട്ടറിയാകാനുള്ള അയോഗ്യത എന്താണെന്നും അവർ വാർത്താ സമ്മേളനത്തിൽ ചോദിച്ചു. കുടിലിൽ നിന്ന് വളർന്നുവന്ന് ഇന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയും അടിസ്ഥാന വർഗത്തിൽ നിന്ന് വളർന്നുവന്നയാളാണ് രാഷ്ട്രപതി- ശോഭ സുരേന്ദ്രൻ പറഞ്ഞു.
നൂലിൽ കെട്ടി ഇവിടേക്ക് ഇറങ്ങിവന്നയാളല്ല. വർഷങ്ങളായി പാർട്ടിയിൽ കൃത്യതയോടെ പ്രവർത്തിച്ച് പറയാനുള്ള കാര്യങ്ങൾ പറഞ്ഞ് എന്റെ പ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാകുമ്പോൾ അവർക്കായി നിലകൊണ്ടിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ നിന്ന് ദേശീയ നിർവാഹക സമിതിയംഗമായി ശോഭ സുരേന്ദ്രനെ തെരഞ്ഞെടുത്തിട്ടുണ്ട്. കേരള രാഷ്ട്രീയത്തിൽ നിന്ന് ശോഭ സുരേന്ദ്രനെ ഇല്ലായ്മ ചെയ്യാൻ സാധിക്കുമോയെന്നാണ് ഗവേഷണം ചെയ്തവരുടെ കൂട്ടത്തിൽ ഒരു പ്രമുഖ ചാനൽ കൂടി ഇറങ്ങി പുറപ്പെട്ടിട്ടുണ്ടെന്നും ശോഭ സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ശോഭയുടെ സന്തതസഹചാരിയാണെന്നും ഡ്രൈവറായിരുന്നുവെന്നും പല കാര്യങ്ങളിലും മേൽനോട്ടം വഹിക്കുന്നതൊക്കെ സതീശനാണെന്നൊക്കെ ഉറപ്പുവരുത്താതെ എങ്ങനെയാണ് പ്രമുഖ ചാനലിന് വാർത്ത കൊടുക്കാൻ സാധിച്ചത്. എന്തിനാണ് കേരളത്തിൽ എന്നെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചതെന്നും അവർ ചോദിച്ചു. ബിജെപിക്കുള്ളിൽ വലിയ രീതിയിലുള്ള തർക്കങ്ങളുണ്ടെന്ന് വരുത്തി തീർക്കാൻ വേണ്ടി എകെജി സെൻ്ററും സിപിഎമ്മും ശ്രമിക്കുകയാണെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു.















