ന്യൂയോർക്ക്: സോഷ്യൽ മീഡിയ താരമായിരുന്ന പീനട്ട് അണ്ണാന്റെ ദയാവധത്തിൽ ബൈഡൻ ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് ടെസ്ല സിഇഒ ഇലോൺ മസ്‌ക്. വിവേകമില്ലാത്ത ഹൃദയശൂന്യമായ പ്രവർത്തിയെന്നാണ് മസ്‌ക് പീനട്ടിന്റെ വധത്തെ വിശേഷിപ്പിച്ചത്. സമൂഹമാദ്ധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആരാധകരാണ് പീനട്ടിന് ഉണ്ടായിരുന്നത്.
ഡോണൾഡ് ട്രംപ് അണ്ണാന്മാരെ സംരക്ഷിക്കും എന്ന് പറയുന്ന മറ്റൊരു കുറിപ്പും മസ്‌ക് പങ്കുവച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് വേണ്ടി സജീവ പ്രചാരണവുമായി മസ്‌കും രംഗത്തുണ്ട്. പീനട്ടിന്റെ ഉടമയായ ലോംഗോയ്‌ക്കൊപ്പം ഇരിക്കുന്ന ചിത്രവും മസ്‌ക് ഇതോടൊപ്പം ചേർത്തിട്ടുണ്ട്. സ്റ്റാർ വാർസ് കഥാപാത്രമായ ഒബി വാൻ കെനോബിയെ പോലെ വേഷമിട്ട പീനട്ടിന്റെ എഐ ചിത്രമാണ് മസ്‌ക് മറ്റൊരു പോസ്റ്റിൽ പങ്കുവച്ചിരിക്കുന്നത്.
ന്യൂയോർക്ക് സ്വദേശിയായ മാർക്ക് ലോംഗോയ്‌ക്ക് ഭാര്യ ഡാനിയേലയ്‌ക്കുമൊപ്പം ഏഴ് വർഷമാണ് പീനട്ട് താമസിച്ചത്. ‘പീനട്ട് ദ സ്‌ക്വിറൽ’ എന്ന പേരിൽ ഇരുവരും ചേർന്ന് ഇരുവരും ആരംഭിച്ച പേജാണ് അണ്ണാന് ലക്ഷക്കണക്കിന് ആരാധകരെ നേടിക്കൊടുത്തത്. അഞ്ച് മില്യണിലേറെ ഫോളോവേഴ്‌സ് പീനട്ടിന് ഉണ്ടായിരുന്നു. പീനട്ടിന്റെ കുസൃതി നിറയുന്ന വീഡിയോകളാണ് ലോംഗോ ഈ പേജിലൂടെ സ്ഥിരമായി പങ്കുവച്ചിരുന്നത്. ഒരു സർക്കാർ ഉദ്യോഗസ്ഥനെ കടിച്ചതിന് പിന്നാലെയാണ് പീനട്ടിന് ദയാവധം നടത്തുന്ന തലത്തിലേക്ക് കാര്യങ്ങളെത്തിയത്. പീനട്ടിനെതിരെ ചില പരാതികൾ ഉയർന്നതോടെ ആരോഗ്യ-പരിസ്ഥിതി വകുപ്പുകൾ വിഷയത്തിൽ ഇടപെട്ടു.
അണ്ണാനെ നിയമവിരുദ്ധമായിട്ടാണ് ലോംഗോ കൈവശം വച്ചതെന്ന് ചൂണ്ടിക്കാട്ടി അധികൃതർ പീനട്ടിനെ പിടിക്കാൻ ശ്രമിച്ചതോടെയാണ് ജീവനക്കാരിലൊരാളെ പീനട്ട് കടിച്ചത്. ഇതോടെ പീനട്ടിന് പേവിഷബാധയുണ്ടെന്ന ആരോപണം ഉയരുകയും, റാബിസ് പരിശോധനയ്‌ക്കായി ദയാവധം നടത്തുകയുമായിരുന്നു. പീനട്ടിന് പുറമെ മുന്നൂറിലധികം ജീവികളെയാണ് ലോംഗോയും ഭാര്യയും ചേർന്ന് പരിപാലിക്കുന്നത്.