മുംബൈ: ചരിത്രത്തിലാദ്യമായി സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പരയിലെ എല്ലാ മത്സരങ്ങളിലും തോറ്റ് ഇന്ത്യ. ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിലും നാണംകെട്ട തോൽവി ഏറ്റുവാങ്ങി ഇന്ത്യൻ ടീം. 147 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 127 റൺസിന് പുറത്തായി. ജയിക്കാൻ 27 റൺസ് മതിയെന്നിരിക്കെ വാലറ്റം പൊരുതിയെങ്കിലും ഫലം കണ്ടില്ല.
ടോം ലാഥം എന്ന പുതിയ ക്യാപ്റ്റനുകീഴിൽ ഇറങ്ങിയ കിവീസ് ടീം പരമ്പര തൂത്തുവാരി ചരിത്ര നേട്ടമാണ് സ്വന്തമാക്കിയത്. മൂന്നാം ദിനവും ഇന്ത്യയുടെ ബാറ്റർമാർ കിവീസ് ബൗളർമാർക്ക് മുന്നിൽ വെള്ളം കുടിക്കുന്നതാണ് കണ്ടത്.
ഓപ്പണർ യശസ്വി ജയ്സ്വാൾ (5) നിറം മങ്ങി. രോഹിത് ശർമ്മ (11) ഒരിക്കൽ കൂടി പരാജയമായി. മൂന്നാമനായെത്തിയ ശുഭ്മാൻ ഗില്ലും പിന്നാലെയെത്തിയ വിരാട് കോലിയും ഓരോ റൺസെത്ത് പുറത്തതായി. മുൻനിര ബാറ്റർമാരെല്ലാം വളരെ വേഗം കൂടാരം കയറിയ മത്സരത്തിൽ ഒന്നു പൊരുതിയത് ഋഷഭ് പന്ത് മാത്രമായിരുന്നു.
രണ്ടാം ഇന്നിംഗ്സിൽ പന്ത് 64 (57)റൺസ് നേടി. കിവീസിനായി അജാസ് പട്ടേൽ 6 വിക്കറ്റ് വീഴ്‌ത്തി. അജാസ് പട്ടേലിന്റെ സ്പിൻ മികവിനുമുന്നിൽ ഇന്ത്യ വളരെ പെട്ടന്ന് പോരാട്ടം അവസാനിപ്പിച്ച് തോൽവി വഴങ്ങി. പരമ്പര തോൽവിയോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സാധ്യതകൾക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്.