ഇന്ദ്രജിത്ത് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ റിവീലിംഗ് ടീസർ പുറത്തിറങ്ങി. നവാഗതനായ ജിതിൻ സുരേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ധീരം എന്നാണ്. സിനിമാ മേഖലയിലെ 99 പേർ ചേർന്നാണ് ടീസർ പുറത്തിറക്കിയത്. ഇവരുടെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ടീസർ റിലീസ് ചെയ്തത്.
ചേട്ടന് ആശംസകൾ അറിയിച്ച് പൃഥ്വിരാജും ടീസർ റിലീസ് ചെയ്തു. മോഹൻലാൽ, മമ്മൂട്ടി, മഞ്ജു വാര്യർ, ലിജോ ജോസ് പെല്ലിശ്ശേരി, അജു വർഗീസ് തുടങ്ങിയ നിരവധി പേരാണ് ഫെയ്സ്ബുക്കിലൂടെ ടീസർ പങ്കുവച്ചത്.
പ്രേക്ഷകർക്ക് ആകാംക്ഷയൊരുക്കുന്ന കിടിലം ടീസറാണ് പുറത്തെത്തിയിരിക്കുന്നത്. ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമാണ് ധീരം. വളരെ വ്യത്യസ്ത വേഷത്തിലെത്തുന്ന ഇന്ദ്രജിത്തിന്റെ പ്രകടനങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് ടീസർ.
നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജീതിൻ സുരേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ധീരം. ഒരേ മുഖം, പുഷ്പക വിമാനം, പടക്കുതിര എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ധീരത്തിന് തിരക്കഥ ഒരുക്കുന്നത്. ഡിസംബർ അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.