കൊച്ചി : മുനമ്പത്തെ പാവപ്പെട്ട മനുഷ്യർ വില നൽകി വാങ്ങിയ ഭൂമി തട്ടിയെടുക്കാൻ വഖഫ് ബോർഡ് ശ്രമിക്കുന്ന വിഷയത്തിൽ ഇസ്ലാമിക സംഘടനകൾ പുലർത്തുന്ന ഇരട്ടത്താപ്പ് തുറന്നു കാട്ടി കെ സി ബി സി ജാഗ്രതാ കംമീഷന്റെ വിശദീകരണ കുറിപ്പ്. അവരുടെ ഫേസ്‌ബുക്ക് പേജിലാണ് കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി, ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI പുറപ്പെടുവിച്ചിരിക്കുന്ന കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
“മുനമ്പത്തെ ഭൂമി വഖഫ് ആണെന്ന് ഒരു മുസ്ളീം സംഘടനയും അവകാശപ്പെടുന്നില്ലെന്നും മുനമ്പം സ്വദേശികൾക്ക് നീതി നടപ്പാക്കണമെന്നാണ് എല്ലാവരും ഒന്നുപോലെ ആഗ്രഹിക്കുന്നതെന്നും മാധ്യമങ്ങൾക്ക് മുന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, മുസ്ളീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും സംസാരിച്ചത് കഴിഞ്ഞ ദിവസങ്ങളിലാണ്. അതേ നിലപാട് തന്നെ പലപ്പോഴായി ഭരണകക്ഷി നേതാക്കളും ആവർത്തിക്കുന്നുണ്ട്. എന്നാൽ, ഇതിന് തികച്ചും വിരുദ്ധമായ നിലപാട് ചില മുസ്ലീം സംഘടനകളും വഖഫ് ബോർഡും ആവർത്തിച്ചിരിക്കുന്നത് ഗൗരവമായി കാണേണ്ടതുണ്ട്.” കുറിപ്പ് പറയുന്നു
മുസ്ളീം സംഘടനകളുടെ വിരുദ്ധാഭിപ്രായങ്ങളെ അക്കമിട്ടു പൊളിച്ചു കാട്ടുന്ന ലേഖനത്തിലെ ഭാഗം ഇങ്ങിനെയാണ്.
“മുസ്ളീം സർവീസ് സൊസൈറ്റിയുടെ സ്റ്റേറ്റ് കമ്മിറ്റി, മുനമ്പം ഭൂമിക്ക് മേലുള്ള വഖഫ് അവകാശവാദം അവർത്തിച്ചുകൊണ്ട് പ്രസ്താവന പ്രസിദ്ധീകരിച്ചത് ഒക്ടോബർ 31 നാണ്. അതേ അവകാശവാദം പിഡിപിയും എസ്ഡിപിഐയും പോലുള്ള സംഘടനകൾ ആവർത്തിക്കുകയുണ്ടായി. ഏതാനും ദിവസങ്ങൾക്കുമുമ്പ്‍ മുനമ്പത്തെ ഭൂസംരക്ഷണ സമിതി പ്രതിനിധികൾ ന്യൂനപക്ഷ വകുപ്പ് മന്ത്രി അബ്ദുറഹിമാനെ സന്ദർശിച്ചപ്പോൾ അവർക്കുമുന്നിൽ അദ്ദേഹവും ആവർത്തിച്ചത് മുനമ്പത്തേത് വഖഫ് ഭൂമിയെന്ന അവകാശവാദമാണ്. ഈ വിഷയത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമങ്ങൾ, പ്രത്യേകമായി, മീഡിയ വൺ ചാനൽ ഒക്ടോബർ 31 ന് നടത്തിയ ചർച്ചയിൽ ആദ്യന്തം സ്ഥാപിക്കാൻ ശ്രമിച്ചതും ഇതേ ആശയമാണ്. മുനമ്പം നിവാസികളുടെ പൂർവ്വികർ ഒരു നൂറ്റാണ്ടിന് മുമ്പുമുതൽ അവിടെ ജീവിച്ചിരുന്നവരാണെന്ന വസ്തുത നിലനിൽക്കെ, ഇപ്പോൾ അവകാശവാദം ഉന്നയിച്ചിരിക്കുന്നവർ സ്ഥലം കയ്യേറ്റക്കാരാണ് എന്നാണ് ചർച്ചയിലെ പ്രധാന പ്രഭാഷകൻ പറഞ്ഞുവച്ചത്. ചുരുക്കം ചില സാധാരണക്കാർ കഴിഞ്ഞാൽ എറിയപങ്ക് ഭൂമിയും ഭൂ – റിസോർട്ട് മാഫിയകളുടെ കയ്യിലാണെന്ന പച്ചക്കള്ളവും ചിലർ മാധ്യമങ്ങളിലൂടെ ആവർത്തിക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിലെ വഖഫ് ആസ്ഥാനത്ത് നടന്ന ചർച്ചയിൽ വഖഫ് ബോർഡ് എടുത്ത നിലപാട് ‘മുനമ്പത്തെത് വഖഫ് ഭൂമി തന്നെയാണെന്നും വിഷയത്തെ നിയമപരമായി നേരിടുമെന്നു’മാണെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മുസ്ലീം ലീഗിന്റെ നേതൃത്വത്തിലുള്ള ചന്ദ്രിക ദിനപത്രം പോലും മുനമ്പത്തേത് വഖഫ് ഭൂമിയാണ് എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നല്കിയിരുന്നു. ഈ വിവാദങ്ങൾക്കിടയിൽ ചങ്ങനാശ്ശേരി മഹല്ല് കമ്മിറ്റി ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടത്തിയ പ്രസ്താവനയിൽ ക്രൈസ്തവ സ്ഥാപനങ്ങളും സഭകളുടെ സ്വത്തുക്കളും നിയന്ത്രിക്കാൻ സർക്കാർ സംവിധാനം നടപ്പാക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചിരുന്നു. ഇത്തരത്തിലുള്ള അതിരുകടന്ന അഭിപ്രായപ്രകടനങ്ങളും നിലപാടുകളിലെ വൈരുദ്ധ്യവും സാമൂഹികഐക്യം നഷ്ടപ്പെടുത്തുകയും പ്രശ്നത്തെ കൂടുതൽ സങ്കീർണ്ണമാക്കുകയും പരിഹാരം ദുഷ്കരമാക്കുകയും ചെയ്യും.”
ലേഖനത്തിന്റെ പൂർണ്ണ രൂപം വായിക്കാം
ഭൂമിയുടെമേൽ ഏകപക്ഷീയമായി അവകാശവാദം ഉന്നയിക്കുന്നതു നിമിത്തം ജനങ്ങൾ തെരുവിലേക്കിറങ്ങാൻ നിർബ്ബന്ധിതരാവുന്ന സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ആവശ്യമായ തിരുത്തലുകൾ നിലവിലുള്ള വഖഫ് നിയമത്തിൽ ഉണ്ടാകണമെന്ന നിലപാടും കേരളകത്തോലിക്കാ സഭ വ്യക്തമാക്കിയിട്ടുണ്ട് എന്ന് ലേഖനം അടിവരയിട്ടുറപ്പിക്കുന്നു.















