മുംബൈ :മുബയിലെ ജഹാംഗീർ ആർട്ട് ഗ്യാലറിയിൽ ഒരു ചിത്ര പ്രദർശനമെന്നത് ഇന്ത്യൻ ചിത്രകാരൻമാരുടെയെല്ലാം സ്വപ്നമാണെന്ന് പറയാം. അതിനവസരം ലഭിച്ച അപൂർവ്വം മലയാളികളിൽ ഒരാളായിരിക്കുകയാണ് മുതുകുളം സുരേഷ് എന്ന കണ്ടംപററി മ്യുറലിസ്റ്റ്’
1952 ൽ സ്ഥാപിതമായ ഈ ഗ്യാലറിയിൽ പ്രദർശനം നടത്താൻ 2031 വരെ കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നിരിക്കേയാണ് സുരേഷിന് ഈ അവസരം ലഭിച്ചതെന്നത് അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ കലാമൂല്യത്തിനുള്ള സാക്ഷ്യപത്രമാണ്.
2024 നവംബര്‍ 4-00 തീയതി മുതല്‍ 10-90 തീയതി വരെ ഒരാഴ്‌ച്ചക്കാലം നീണ്ടുനില്‍ക്കുന്ന ഈ പ്രദര്‍ശനം ഉത്ഘാടനം ചെയ്യുന്നത് പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞയായ ശ്രീമതി ദേവകി പണ്ഡിറ്റ് ആണ്.

ഒരു ദേശത്തിന്റെ നിഷ്കളങ്കമായ ജനജീവിതത്തിന്റെ ചിത്രം വരച്ച് കാണിക്കുന്ന ഈ പ്രദര്‍ശനത്തിന് “മുതുകുളം ക്രോണിക്കൾസ് ” (മുതുകുളത്തിന്റെ പുരാവൃത്തങ്ങള്‍) എന്ന ശീര്‍ഷകമാണ് നല്‍കിയിരിക്കുന്നത്. ഒരു കാലഘട്ടത്തില്‍ ക്ഷേത്രച്ചുവരുകളിലും കൊട്ടാരത്തിന്റെ അകത്തളങ്ങളിലും സ്ഥാനം പിടിച്ചിട്ടുള്ള പുരാതന ചുവര്‍ചിത്രങ്ങളെ അതിന്റെ പാരമ്പര്യ ചട്ടക്കൂടുകളില്‍ നിന്നും പുറത്തു കൊണ്ടു വന്ന് തന്റേതായ രീതിയില്‍ ജനങ്ങളിലേക്ക് എത്തിച്ച ചിത്രകാരന്മാരില്‍ പ്രധാനിയാണ് സുരേഷ് മുതുകുളം.
നാലുവര്‍ഷത്തെ മോഡേണ്‍ ചിത്രകലാ വിദ്യാഭ്യാസവും, അഞ്ചുവര്‍ഷത്തെ പരമ്പരൃ ചുവര്‍ചിത്രകലാ വിദ്യാഭ്യാസവും നേടിയ കലാകാരനാണ് സുരേഷ്. അദ്ദേഹം വര്‍ഷങ്ങളായുള്ള പരീക്ഷണനിരീക്ഷണങ്ങളിലൂടെ മൂന്നു പതിറ്റാണ്ടായി രൂപപ്പെടുത്തിയ ചിത്രങ്ങള്‍ ഇന്ന് അന്താരാഷ്‌ട്രതലത്തില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.

മുതുകുളത്തിന്റെ പുരാവൃത്തങ്ങള്‍ എന്ന ഈ പ്രദര്‍ശനത്തില്‍ പലചിത്രങ്ങളും വിഷയാവിഷ്കാരത്തില്‍ എടുത്തു പറയേണ്ടവയാണ്. റൈസ്പേപ്പര്‍, വുഡ്, കാന്‍വാസ് എന്നിവയില്‍ മിക്സഡ് മീഡിയം ഉപയോഗിച്ചാണ് ചിത്രങ്ങൾ രചിച്ചിട്ടുള്ളത്. എല്ലാ ചിത്രങ്ങളിലും കാണുന്ന കടും നീലനിറത്തിലുള്ള രൂപം ചിത്രകാരന്റെ തന്നെ പ്രതീകാത്മക രൂപമാണെന്നാണ് സുരേഷിന്റെ നിര്‍വ്വചനം. ഇത് കടത്തുകാരനായും, ആത്മീയ ആചാരൃനായും, വെളിച്ചപ്പാടായും, ചെത്തുകാരനായുമൊക്കെ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഈ പ്രദര്‍ശനത്തിലെ പ്രധാനപ്പെട്ട ഒരു ചിത്രം യാത്ര എന്ന ശീര്‍ഷകത്തിലുള്ളതാണ്. ലോകമാകുന്ന തോണിയില്‍ ലക്ഷ്യമില്ലാതെ യാത്രചെയ്യുന്ന കുറേ ഗ്രാമീണര്‍. ഇതില്‍ മേളക്കാരും, പായനെയ്‌ത്തുകാരിയും, ചെത്തുകാരനും, വൃതം നോറ്റ് മയില്‍പീലിയുമായിരിക്കുന്ന ഭിക്ഷാംദേഹിയും, കോഴിക്കച്ചവടക്കാരനും, ഓമനകളായ വളര്‍ത്തു മൃഗങ്ങളും, വീട്ടുസാമാനങ്ങളും, കുട്ടയില്‍ വെച്ചിരിക്കുന്ന തെങ്ങിന്‍ തൈകളും, വളരെ ഭദ്രമായി സൂക്ഷിച്ചു വച്ചിരിക്കുന്ന അരയാലിന്റെ ഒരു ബോണ്‍സായിയും കാഴ്ചക്കാരന്റെ ചിന്തകളെ മറ്റൊരുതലത്തില്‍ എത്തിക്കുന്നു. അങ്ങിനെ കാഴ്‌ച്ചക്കാരനും ഈ യാത്രയില്‍ പങ്കാളിയാകും വിധമാണ് ചിത്രത്തിന്റെ ആവിഷ്കാരം.
വിശാലമായ ജലാശയത്തിന്റെ നടുവില്‍ സ്വതന്ത്രമായി തോണിയില്‍ കിടക്കുന്ന നീലമനുഷ്യനാണ് സമചതുരത്തില്‍ രചിച്ചിട്ടുള്ള മറ്റൊരു ചിത്രം. തന്റെ സ്വപ്നസദൃശമായ ചിന്തകളിൽ , ചുറ്റും വട്ടമിട്ടുപറക്കുന്ന ഹംസങ്ങളും, ചെറുതോണികളിലായി തനിക്കു ചുറ്റും ഓണാട്ടുകരയിലെ കതിരവനും, തേരും, മുടിയേറ്റും, പടയണിക്കോലവുമൊക്കെ വലംവെയ്‌ക്കുന്നു. ഈ ചിത്രം സര്‍റിയലിസത്തിന്റെയും ആശയാവിഷ്ക്കാരത്തിന്റെയും ഉത്തം ഉദാഹരണമാണ്.

ഇന്ത്യക്കകത്തും പുറത്തുമായി നിരവധി പ്രദര്‍ശനങ്ങളും പബ്ലിക് ആര്‍ട്ട് വര്‍ക്കുകളും ചെയ്തിട്ടുള്ളയാളാണ് സുരേഷ് മുതുകുളം. 2012- ല്‍ അമേരിക്കന്‍ പ്രസിഡണ്ട് ബറാക്ക് ഒബാമയുടെ സന്ദർശന വേളയിൽ സ്വഭാവിക ചായക്കൂട്ടുകള്‍ ഉപയോഗിച്ച് ഇദ്ദേഹം വരച്ച ഛായാചിത്രമാണ് പ്രധാനമ്രന്തി മന്‍മോഹന്‍ സിങ്ങ് ഇന്ത്യയുടെ സമ്മാനമായി നല്‍കിയത്. ഇത് ലോകമാദ്ധ്യമ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയടെ മണമുള്ള ചിത്രം” എന്നാണ് ഈ ചിത്രത്തിനെപ്പറ്റി ഒബാമ വിശേഷിപ്പിച്ചത്.
വത്തിക്കാന്‍ , യു. എന്‍ ആസ്ഥാന മന്ദിരം, രാഷ്‌ട്രപതി ഭവന്‍ എന്നിവിടങ്ങളിലെ മ്യൂസിയങ്ങള്‍, എന്നിങ്ങിനെ ഇന്ത്യക്കകത്തും പുറത്തുമായി നിരവധി രാജ്യങ്ങളിൽ ഇതിനോടകം തന്നെ സുരേഷ് മുതുകുളത്തിന്റെ ചിത്രങ്ങള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.















