പാലക്കാട്: പൊലീസ് മനഃപൂർവ്വം പോക്സോ കേസിൽ പെടുത്തിയെന്ന് ആരോപിച്ച് യുവാവ് പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. വയനാട് പനമരം സ്വദേശി രതിനാണ് മരിച്ചത്. ഫെയ്സ്ബുക്കിൽ വീഡിയോ പങ്കുവച്ച ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. പൊലീസ് തന്നെ പോക്സോ കേസിൽ പെടുത്തിയെന്ന് രതിൻ വീഡിയോയിൽ പറയുന്നുണ്ട്.
എന്നാൽ, പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിനാണ് രതിനെതിരെ കേസെടുത്തതെന്നും അത് പോക്സോ കേസാണെന്ന് യുവാവ് തെറ്റിദ്ധരിച്ചതാണെന്നും പൊലീസ് അറിയിച്ചു. രതിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പരാതി നൽകിയിരുന്നു. തുടർന്ന് പനമരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രതിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം, രതിൻ ഓട്ടോയിലിരുന്ന് ഒരു പെൺകുട്ടിയുമായി സംസാരിച്ചത് പ്രദേശവാസികൾ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ വാക്കുതർക്കമുണ്ടാവുകയും പൊലീസ് എത്തി രതിനെതിരെ കേസെടുക്കുകയും
ചെയ്തു. ഈ സംഭവത്തിന് ശേഷമാണ് താൻ മരിക്കാൻ പോകുന്നുവെന്നും പൊലീസ് പോക്സോ കേസിൽ പെടുത്തിയെന്നും ആരോപിച്ച് യുവാവ് വീഡിയോ പോസ്റ്റ് ചെയ്തത്.
‘എന്റെ സുഹൃത്തിനെ കണ്ടപ്പോൾ റോഡിൽ നിന്ന് സംസാരിച്ചു. അതിനെ പൊലീസ് പോക്സോ കേസാക്കി മാറ്റി. ഒരുപാട് വിഷമമുണ്ട്. ഞാൻ മരിക്കാൻ പോവുകയാണ്. ആ കേസ് അവസാനിച്ച് നിരപരാധിയാണെന്ന് തെളിഞ്ഞാലും മറ്റുള്ളവർ ആ കണ്ണിലൂടെ മാത്രമേ എന്നെ കാണുള്ളൂ. അതിനേക്കാൾ ജീവിക്കാതിരിക്കുന്നതാണ് നല്ലത്’- എന്നാണ് യുവാവ് വീഡിയോയിൽ പറയുന്നത്.