തിരുവനന്തപുരം: ഫണ്ട് ലഭിക്കാതെ വന്നതോടെ പാതിവഴിയിൽ നിലച്ച് KSRTC മൊബൈൽ മെഡിക്കൽ യൂണിറ്റ്. ആധുനിക സൗകര്യങ്ങളോട് കൂടിയ യൂണിറ്റ് പ്രവർത്തനം അവസാനിപ്പിച്ചിട്ട് ഏഴുമാസം കഴിഞ്ഞു. ആയിരക്കണക്കിന് KSRTC ജീവനക്കാർക്ക് ഗുണകരമാകുന്ന പദ്ധതിയാണ് ഇല്ലാതായത്.
പഴയ മൊബൈൽ മെഡിക്കൽ യൂണിറ്റ് തമ്പാനൂർ ഡിപ്പോയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുകയാണ്. 2021 കാലഘട്ടത്തിൽ KSRTC ജീവനക്കാരുടെ മരണങ്ങൾ വർധിച്ചുവന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ പൈലറ്റ് പദ്ധതിയായി തിരുവനന്തപുരത്താണ് നടപ്പാക്കിയത്. സഞ്ചരിക്കുന്ന മൊബൈൽ മെഡിക്കൽ യൂണിറ്റ് എന്നതായിരുന്നു ആശയം.
പഴയ KSRTC ബസ് നവീകരിച്ച് എച്ച് എൽഎല്ലിന്റെ സഹായത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചത്. അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രനാണ് ബസിന്റെ ഉദ്‌ഘാടനം നിർവഹിച്ചത്. തിരുവനന്തപുരത്ത് ആരംഭിച്ച പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും ജീവനക്കാർക്ക് സൗജന്യ ആരോഗ്യ പരിശോധനകൾ ഒരുക്കുമെന്നുമുൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നു.
എന്നാൽ കൊട്ടിഘോഷിച്ച് തുടങ്ങിയ പദ്ധതി മൂന്ന് വർഷം കഴിഞ്ഞപ്പോൾ പകുതി വഴിയിൽ നിലച്ച മട്ടാണ്. ഫണ്ട് കൃത്യമായി ലഭിക്കാതെ വന്നതോടെ ഏജൻസിയും കയ്യൊഴിഞ്ഞു. ഇവർ ഡോക്ടർമാരെയും ടെക്‌നീഷ്യന്മാരെയും പിൻവലിക്കുകയും ചെയ്തു. പിന്നീട് വന്ന ഗതാഗത മന്ത്രിമാർ ആരും തന്നെ പദ്ധതിയെ തിരിഞ്ഞുനോക്കിയിട്ടില്ല.