മദ്യപിക്കാൻ ഷെയറിട്ടപ്പോൾ പണം കുറഞ്ഞ് പോയത് ചോദ്യം ചെയ്ത അമ്മാവനെ കൊലപ്പെടുത്തി അനന്തരവൻ. മദ്ധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. ഒരു പാർട്ടിക്ക് മദ്യം വാങ്ങുന്നതിനിടെയാണ് തർക്കവും കൊലപാതകവും നടന്നത്. 26-കാരനായ മനോജ് എന്ന മന്നു താക്കൂർ ആണ് കൊല്ലപ്പെട്ടത്. ജബൽപൂരിൽ ചരഗ്വാൻ പ്രദേശത്താണ് സംഭവം.
19-കാരനായ ധരം അഭി താക്കൂർ ആണ് പ്രതി. മദ്യത്തിനും ചിക്കനും ഷെയറിട്ടതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 340 രൂപയുടെ മദ്യവും 60 രൂപയ്‌ക്കാണ് ടച്ചിംഗ്സും വാങ്ങിയത്. വയലിലായിരുന്നു പാർട്ടി. മദ്യപാനത്തിനിടെ ധരം ഷെയറിട്ടത് കുറഞ്ഞ് പോയെന്ന് മനോജ് പറഞ്ഞതോടെ തർക്കമായി.
കോഴിയിറച്ചി പാചകം ചെയ്യാൻ കൊണ്ടുവന്ന മരത്തടി കൊണ്ട് അനന്തരവന്റെ പിന്നിൽ അടിച്ചു. ഇതിൽ രോഷാകുലനായ ധരം അതേ വടി പിടിച്ചുവാങ്ങി അമ്മാവനെ ക്രൂരമായി മർദ്ദിച്ച് കൊല്ലുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ധരമിന്റെ വസ്ത്രങ്ങളിൽ രക്തക്കറകൾ ശ്രദ്ധിച്ചു. ഇത് സംശയമുയർത്തി. തുടർന്നുള്ള അന്വേഷണത്തിൽ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.