തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി പി പി ദിവ്യക്കെതിരെ പരാതി ലഭിക്കുന്ന സാഹചര്യത്തിൽ കൃത്യമായ നടപടികൾ സ്വീകരിക്കുമെന്നും വിശദീകരണം ചോദിക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദിവ്യ കണ്ണൂർ സർവ്വകലാശാല സെനറ്റിൽ തുടരുന്നത് സംബന്ധിച്ചുള്ള വിവാദത്തിലാണ് ഗവർണർ പ്രതികരിച്ചത്.
വ്യക്തിപരമായ വിഷയങ്ങളെ കുറിച്ച് ധാരണയില്ല. പി പി ദിവ്യയ്‌ക്കെതിരെ പരാതി ലഭിച്ചാൽ നിയമാനുസൃത നടപടി സ്വീകരിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ഗവർണർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ ദിവസം, പിപി ദിവ്യയുടെ സെനറ്റ് അംഗത്വവുമായി ബന്ധപ്പെട്ട് ഗവർണർ, കണ്ണൂർ വിസിയോട് വിശദീകരണം തേടിയിരുന്നു. ദിവ്യയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ലഭിച്ച പരാതികളിലാണ് ഗവർണർ വിശദീകരണം ആവശ്യപ്പെട്ടത്.
ദിവ്യയുടെ അറസ്റ്റിന് ശേഷം ദിവ്യയുടെ സെനറ്റ് അംഗത്വം ചേദ്യം ചെയ്ത് നിരവധി പരാതികൾ ചാൻസലർ കൂടിയായ ഗവർണർക്ക് ലഭിച്ചിരുന്നു. ഒരാഴ്ചയ്‌ക്കുള്ളിൽ വിശദീകരണം നൽകണമെന്നും ദിവ്യയെ സെനറ്റ് അംഗത്വത്തിൽ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങൾ അറിയിക്കണമെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു.
അതേസമയം, പൊലീസ് കസ്റ്റഡിയിലുള്ള പി പി ദിവ്യയുടെ മൊഴികൾ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ രണ്ടര മണിക്കൂറോളമാണ് ദിവ്യയെ ചോദ്യം ചെയ്തത്. എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചതിൽ ഒരു ഗൂഢാലോചനയും നടന്നിട്ടില്ലെന്നാണ് ദിവ്യ പറയുന്നത്. പെട്രോൾ പമ്പുമായി ബന്ധമില്ലെന്നും പ്രശാന്തിനെ നേരത്തെ പരിചയമില്ലെന്നും മൊഴി നൽകിയിട്ടുണ്ട്.















