പാലക്കാട് :ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് പദ്മജ വേണുഗോപാൽ. പാലക്കാട് മാധ്യമങ്ങളെ കണ്ടപ്പോഴാണ് പത്മജ വേണുഗോപാൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ത്രീവിരുദ്ധതയെ തുറന്നു കാട്ടിയത്.
“ഷാഫിയുടെ കൈക്കൂലിയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ സീറ്റ്, തൃശ്ശൂർ വരരുത് എന്ന് ഞാൻ കെ.മുരളീധരനോട് പറഞ്ഞതാണ്.മുരളീധരനെ പാലക്കാടും ചതിച്ചു.ഉള്ളിന്റെ ഉള്ളിൽ കെ.മുരളീധരൻ കരയുന്നുണ്ട്. അദ്ദേഹം മനസ്സുകൊണ്ട് ഒരിക്കലും ആഗ്രഹിക്കുന്നില്ല രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കണമെന്ന് “പദ്മജ പറഞ്ഞു
ഇടതു പക്ഷ സ്ഥാനാർത്ഥി ഡോക്ടർ സരിനെ അവഗണിച്ചു കൊണ്ട് കൈ കൊടുക്കാതെ മുന്നോട്ടു പോയ ഷാഫി പറമ്പിലിന്റെ ധാർഷ്ട്യത്തെയും പദ്മജ വിമർശിച്ചു. സരിന് കൈ കൊടുത്താൽ എന്താണ് സംഭവിക്കുക എന്ന് പദ്മജ ചോദിച്ചു.
“കോൺഗ്രസ് അധപതിച്ചു.കോൺഗ്രസിൽ ആർക്കും ആരോടും സ്നേഹവും ബഹുമാനവും ഇല്ലാതായി . തൃശ്ശൂർ ജില്ലയിൽ പൂർണ്ണമായും നശിച്ചു
കരുണാകരനെയും ഉമ്മൻ ചാണ്ടിയേയും ചതിച്ചവരാണ് കോൺഗ്രസ് നേതാക്കൾ. നന്ദികെട്ട കോൺഗ്രസുകാർക്ക് വേണ്ടിയാണ് എന്റെ അമ്മ ചെറുപ്പത്തിലെ മരണമടഞ്ഞത്”, പദ്മജ പറഞ്ഞു
രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തെയും പദ്മജാ വേണുഗോപാൽ ചോദ്യം ചെയ്തു.
“രാഹുലിനെ എന്തിനാണ് പത്തനംതിട്ടയിൽ നിന്ന് കൊണ്ടുവന്നത്.പാലക്കാട് ആരും ഇല്ലെ കോൺഗ്രസിൽ സ്ഥാനാർത്ഥിയാവാൻ.? രാഹുൽ സോഷ്യൽ മീഡിയയിലൂടെ വളർന്നയാളാണ്.പ്രിയദർശൻ സിനിമ പോലെയാണ് രാഹുൽ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റായത്”, പദ്മജ പറഞ്ഞു.
പദ്മജാ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന സമയത്ത് കെ കരുണാകരന്റെ ഭാര്യ കല്യാണിക്കുട്ടിയമ്മയെ അസഭ്യം പറഞ്ഞ രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ത്രീ വിരുദ്ധ നടപടിയെ പദ്‌മജ തുറന്നു കാട്ടി.
“പാലക്കാട്ടെ ജനങ്ങളോട് പറയാനുള്ളത് അമ്മയേയും പെങ്ങളേയും തിരിച്ചറിയാത്ത വർത്തമാനം പറയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ പോലുള്ളവരെ ഒരിക്കലും വിജയപ്പിക്കരുത്. ഇത്രയും വൃത്തികെട്ട വർത്തമാനം പെണ്ണുങ്ങളോട് പറയുന്നവരെ ഒരിക്കലും വിജയിപ്പിക്കരുത്” പദ്‌മജ തുറന്നടിച്ചു