തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നവംബർ 4 മുതൽ 8 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും മഴയ്‌ക്കും സാദ്ധ്യതയുണ്ട്.
തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലും തെക്കുകിഴക്കൻ അറബിക്കടലിന് മുകളിലും ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിന്നും തെക്കൻ തമിഴ്‌നാട് വരെ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.
ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പുറത്തിറങ്ങുന്നത് കുറയ്‌ക്കണമെന്നും തുറസ്സായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്. വാതിൽ, ജനൽ എന്നിവയുടെ അടുത്ത് നിൽക്കരുത്, ഇരുമ്പ് വസ്തുക്കളിലും ഭിത്തിയോട് ചേർന്നു ഇരിക്കരുതെന്നും നിർദേശത്തിൽ പറയുന്നു.
ഇടിമിന്നലുള്ള സമയങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. പരമാവധി വീടുകളിലോ കെട്ടിടങ്ങളിലോ ഇരിക്കാൻ ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നൽകിയ നിർദേശത്തിൽ പറയുന്നു. കടലാക്രമണത്തിനും ഉയർന്ന തിരമാലയ്‌ക്കും സാധ്യതയുണ്ട്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അധികൃതരുടെ നിർദേശപ്രകാരം മാറി താമസിക്കാണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.