പത്തനംതിട്ട: ശബരിമലയിൽ പതിനെട്ടാം പടിക്ക് മുൻപിൽ മേൽക്കൂര നിർമിക്കുന്നതിനായി സ്ഥാപിച്ച തൂണുകൾ പൊളിച്ചു മാറ്റണമെന്ന ആവശ്യം ശക്തം. ദീർഘവീക്ഷണം ഇല്ലാതെ നിർമ്മിച്ച തൂണുകൾ പടി കയറുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായാണ് ഭക്തരുടെ പരാതി. തൂണുകൾ പോലീസുകാരുടെ ജോലിയെയും ബാധിക്കുന്നുണ്ട്
മേൽക്കൂരയുടെ ഭാഗമായി ആറ് തൂണുകൾ സ്ഥാപിച്ചിട്ട് നാളുകൾ ഏറെയായി. പതിനെട്ടാം പടി കയറുന്ന ഭക്തർക്കും, ഭക്തരെ പടി കയറ്റി വിടുന്ന പോലീസ് ഉദ്യോഗസ്ഥർക്കും ഒരുപോലെ പ്രശ്നം സൃഷ്ടിക്കുകയാണ് ഈ കൽത്തൂണുകൾ. നേരത്തെ പതിനെട്ടാം പടിയുടെ ഒരു ഭാഗത്ത് നിന്നും ഇരുന്നും പോലീസ് ഉദ്യോഗസ്ഥർ അനായാസം ഭക്തരെ വേഗത്തിൽ പടി കയറ്റി വിട്ടിരുന്നു. കൽത്തൂണുകൾ സ്ഥാപിക്കപ്പെട്ടതോടെ പോലീസുകാർക്ക് സൗകര്യമായി നിന്ന് ജോലി ചെയ്യാൻ സാധിക്കുന്നില്ല.
തിരക്ക് വർദ്ധിക്കുന്ന സാഹചര്യങ്ങളിൽ ഇത് വലിയ ബുദ്ധിമുട്ടാണ് ഭക്തർക്ക് ഉണ്ടാക്കുന്നത്. പതിനെട്ടാംപടി കയറ്റം സാവധാനത്തിൽ ആയാൽ ക്യൂ നീളുകയും മണിക്കൂറുകളോളം ഭക്തർക്ക് ദർശനത്തിനായി കാത്തു നിൽക്കേണ്ടിയും വരും.
ഈ തൂണുകൾ പതിനെട്ടാം പടിയുടെ ദൃശ്യഭംഗി മറക്കുന്നു എന്ന പരാതിയും നേരത്തെ ഉയർന്നിരുന്നു.