പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ബിജെപിയിൽ ചേർന്നതെന്ന് കോൺഗ്രസ് വിട്ട പ്രാദേശിക നേതാവ് പുരുഷോത്തമൻ പിരായിരി. 10 വർഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം ഭരിച്ചു. അഴിമതി രഹിതമായ ഭരണമാണ് കാഴ്ചവച്ചത്. കോൺഗ്രസാണ് ഭരിച്ചതെങ്കിൽ ഇന്ത്യയെ വിറ്റിട്ടുണ്ടാകുമെന്നും പുരുഷോത്തമൻ തുറന്നടിച്ചു. ബിജെപിയിൽ എന്തിന് ചേർന്നുവെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
” ബിജെപിയിൽ ചേർന്നാൽ എന്താണ് പ്രശ്നം? 10 വർഷം പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല ഭരണമാണ് കാഴ്ച വച്ചത്. അഴിമതി രഹിത ഭരണമായിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ഞാൻ ബിജെപിയിൽ ചേർന്നത്. 10 വർഷം കോൺഗ്രസാണ് രാജ്യം ഭരിച്ചിരുന്നതെങ്കിൽ ഇന്ത്യ വിറ്റിട്ടുണ്ടായിരിക്കും.”- പുരുഷോത്തമൻ പിരിയാരി പറഞ്ഞു.
ഇന്ത്യയിൽ എൻഡിഎ സർക്കാർ 50 വർഷത്തിന് മുന്നേ അധികാരത്തിൽ വരേണ്ടതായിരുന്നു. കോൺഗ്രസ് ഭരിച്ച് ഭരിച്ച് എല്ലാം ഇല്ലാതാക്കി. ഇപ്പോൾ ഏതൊക്കെ സംസ്ഥാനങ്ങളിൽ കോൺഗ്രസുണ്ടെന്നും അദ്ദേഹം ചോദിച്ചു.
കോൺഗ്രസിന്റെ ആദർശങ്ങളോട് യോജിച്ച് പോകാൻ സാധിക്കുന്നില്ല. ഏകാധിപത്യ ഭരണമാണ് കോൺഗ്രസിലുള്ളത്. സാധാരണക്കാരായ പ്രവർത്തകരോട് നേതൃത്വം ഒന്നും പറയാറില്ല. നേതൃത്വം മാത്രമാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും ഇത്തരം പ്രവണതകൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.