ന്യൂഡൽഹി: കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു സഭാ ക്ഷേത്രത്തിലെ ഭക്തർക്ക് നേരെയുണ്ടായ ഖാലിസ്ഥാൻ ആക്രമണത്തിൽ ആശങ്ക പ്രകടപ്പിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. കാനഡയിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെ കുറിച്ച് ഓർക്കുമ്പോൾ ആശങ്കയുണ്ടെന്നും ഹൈന്ദവരുടെ സംരക്ഷണത്തിനായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
കാനഡയിലെ എല്ലാ ഹൈന്ദവ ആരാധനാലയങ്ങളിലും മതിയായ സുരക്ഷ ഉറപ്പാക്കണം. ഇനി ഒരു ആരാധനാലയങ്ങൾക്ക് നേരെയും ഇത്തരം ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് കനേഡിയൻ ഗവൺമെന്റ് ഉറപ്പാക്കണം. കാനഡയിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയിൽ വലിയ ആശങ്കയുണ്ട്. ആക്രമണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
ഭക്തർക്കെതിരെയുള്ള ആക്രമണത്തിന് പിന്നാലെ ഖാലിസ്ഥാൻ അനുകൂല പോസ്റ്ററുകളും ബാനറുകളും നഗരത്തിന്റെ വിവിധയിടങ്ങളിൽ പ്രത്യേക്ഷപ്പെട്ടിരുന്നു. ക്ഷേത്ര പരിസരത്തിൽ ആളുകൾ പരസ്പരം ഏറ്റുമുട്ടുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. ആക്രമണവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.
ഖാലിസ്ഥാൻ പതാകകളുമായി എത്തിയ സിഖ് വംശജരാണ് ഹിന്ദുമഹാ സഭാ ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയത്. സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഭക്തർക്ക് നേരെയുണ്ടായ ആക്രമണം അപലപനീയമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ഇത്തരം അക്രമസംഭവങ്ങൾ രാജ്യത്ത് അംഗീകരിക്കാനാകില്ലെന്നും ട്രൂഡോ വ്യക്തമാക്കിയിരുന്നു.
ഇന്ത്യക്കാർക്കെതിരെ പ്രതിഷേധം നടത്തുന്ന വീഡിയോ പങ്കുവച്ചുകൊണ്ട് കനേഡിയൻ എംപി ചന്ദ്ര ആര്യയും അക്രമത്തെ അപലപിച്ചു. അക്രമത്തിന് വളം വച്ച് കൊടുക്കരുതെന്നും അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും എംപി ചൂണ്ടിക്കാട്ടി.















