ലിജോ ജോസ് പെല്ലിശേരി അവതരിപ്പിക്കുന്ന പല്ലൊട്ടി 90’s കിഡ്സ് എന്ന സിനിമയുടെ താരങ്ങളെ അഭിനന്ദിച്ച് മോഹൻലാൽ. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെയും താരങ്ങളെയും സന്ദർശിച്ചാണ് മോഹൻലാൽ ആശംസ അറിയിച്ചത്. ഇതിന്റെ ചിത്രങ്ങൾ സിനിമയുടെ അണിയറ പ്രവർത്തകർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
90-കളിലെ സൗഹൃദം പറയുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, അർജുൻ അശോകൻ, ബാലു വർഗീസ് തുടങ്ങിയവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. സൗഹൃദത്തിന്റെ ആഴവും ബാല്യത്തിന്റെ നിഷ്കളങ്കതയും കോർത്തിണക്കിയ സിനിമ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മൂന്ന് അവാർഡുകളാണ് സ്വന്തമാക്കിയത്. മികച്ച ചിത്രം, മികച്ച ബാല താരം, മികച്ച പിന്നണി ഗായകൻ എന്നിങ്ങനെ മൂന്ന് അവാർഡുകളാണ് പല്ലൊട്ടി 90’s കിഡ്സ് നേടിയത്.
നവാഗതനായ ജിതിൻ രാജ് സംവിധാനം ചെയ്ത ചിത്രം സിനിമാ പ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയ, നിതിൻ രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് നിർമിച്ചത്. റിലീസിന് മുമ്പ് തന്നെ മൂന്ന് സംസ്ഥാന പുരസ്കാരങ്ങൾ, ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരം എന്നിവയും നേടിയിരുന്നു.















