എറണാകുളം: മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. സോഷ്യൽ മീഡിയയിലൂടെ തന്റെ വ്യക്തിത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മഞ്ജു വാര്യർ പരാതി നൽകിയത്. ഈ പരാതിക്കെതിരെ ശ്രീകുമാർ മേനോൻ നൽകിയ ഹർജി അനുവദിച്ചാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്. ഹർജിയിൽ മഞ്ജു വാര്യരുടെ നിലപാട് തേടിയിരുന്നെങ്കിലും താരം പ്രതികരിച്ചിരുന്നില്ല.
2019-ലാണ് ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ പരാതി നൽകിയത്. ഒടിയൻ എന്ന സിനിമയുടെ റിലീസിന് പിന്നാലെയുണ്ടായ വിവാദങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ തന്നെ അധിക്ഷേിച്ചു എന്നായിരുന്നു പരാതി. സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാറാണന്നും പരാതിയിൽ പറഞ്ഞിരുന്നു. ഡിജിപിക്കാണ് മഞ്ജു പരാതി നൽകിയത്. തുടർന്ന് തൃശൂർ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
പരാതിയ്‌ക്ക് മറുപടിയുമായി ശ്രീകുമാർ മേനോൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയിരുന്നു. മഞ്ജുവിന് ഉപകാരസ്മരണ ഇല്ലെന്നും അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും ശ്രീകുമാർ മേനോൻ വ്യക്തമാക്കിയിരുന്നു.