കോട്ടയം: മണ്ഡലകാലത്ത് എരുമേലിയിൽ പൂജാ സാധനങ്ങൾ വിൽക്കുന്ന കടകളിലെ വില ഏകീകരണം അട്ടിമറിച്ച് ഭക്തരെ കൊള്ളയടിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരി. പ്രശ്‌നത്തിൽ ദേവസ്വം മന്ത്രിയും അധികൃതരും അടിയന്തരമായി ഇടപെടണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു.
ഭക്തർ ആചാരത്തിന്റെ ഭാഗമായി വാങ്ങുന്ന പൂജാ സാധനങ്ങൾക്കും ദ്രവ്യങ്ങൾക്കും കാലങ്ങളായി കൊള്ള വിലയാണ് ഈടാക്കുന്നതെന്ന് പരാതി ഉയർന്നിരുന്നു. വ്യാപക പരാതിയെ തുടർന്ന് ഇക്കുറി വില ഏകീകരണത്തിനായി ദേവസ്വം മന്ത്രിയുടെ നിർദ്ദേശാനുസരണം ജില്ല ഭരണകൂടം യോഗം വിളിച്ച് ചേർത്തു. എന്നാൽ യോഗത്തിൽ ഒരു വിഭാഗം ഇതിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു. വില ഏകീകരിച്ചാൽ കച്ചവടക്കാർക്ക് നഷ്ടം ഉണ്ടാകുമെന്ന് പറഞ്ഞാണ് ഇവർ എതിർപ്പറിയിച്ചത്. ഇതിനെ തുടർന്ന് യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു.
കച്ചവട സ്ഥാപനങ്ങൾക്കുള്ള ലേലം നേരത്തെ ഉയർന്ന തുകയ്‌ക്ക് നൽകിയതിനാൽ ഇനി ഏകീകരണം സാധ്യമല്ല എന്ന നിലപാടിലാണ് ജമാഅത്ത് പ്രസിഡൻറ്. ഇക്കാര്യത്തിൽ ജമാഅത്ത് പ്രസിഡൻ്റിന്റെ നിലപാട് തന്നെയാണോ ജമാഅത്തിനു ഉള്ളതെന്ന് അറിയാൻ താത്പ്പര്യമുണ്ടെന്ന് ബിജെപി നേതാവ് പറഞ്ഞു.
എരുമേലിയിലെ വില നിയന്ത്രണത്തിൽ സംസ്ഥാന സർക്കാരും ദേവസ്വം മന്ത്രിയും നോക്കുകുത്തിയാണെന്ന് അദ്ദേഹം ആരോപിച്ചു. ശബരിമല സീസൺ ചൂഷണരഹിതമാക്കാനും ഭക്തർക്ക് കുറഞ്ഞ നിരക്കിൽ പൂജാ വസ്തുക്കൾ ലഭ്യമാക്കാനും നടപടിയെടുക്കണം. ഇതിന് ദേവസ്വം മന്ത്രി നേരിട്ട് ഇടപെടണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു.