തിരുവനന്തപുരം: കനത്ത മഴയിൽ ‘കുളമായി’ നെയ്യാറ്റിൻകര ജനറൽ ആശുപത്രി. ഓപ്പറേഷൻ തിയേറ്ററിൽ വെള്ളം കയറിയതിനാൽ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. ഓപ്പറേഷൻ തിയേറ്റർ നാല് ദിവസത്തേക്ക് അടച്ചിട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഇന്ന് ഉച്ചയോടെയാണ് സംഭവം. കനത്ത മഴയിൽ ആശുപത്രിക്ക് സമീപത്തുള്ള ഓട നിറഞ്ഞ് വെള്ളം കുത്തിയൊലിച്ചെത്തുകയായിരുന്നു. ആശുപത്രിയിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നീക്കം ചെയ്ത തൂണുകളും മറ്റ് വസ്തുക്കളും ഓടയിൽ തള്ളിയിരുന്നു. ഒഴുക്ക് തടസപ്പെട്ടതാണ് ആശുപത്രിയിൽ വെള്ളം കയറാൻ കാരണമെന്നാണ് ആരോപണം.
വെള്ളം കയറുന്ന പ്രശ്‌നം പരിഹരിച്ചെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അണുബാധ ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷമേ ഓപ്പറേഷൻ തിയേറ്റർ തുറന്നു പ്രവർത്തിക്കുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു.