ബെംഗളൂരു : പതിറ്റാണ്ടുകളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കർഷക ഭൂമികൾക്ക് വഖ്ഫ് മുദ്ര ചാർത്തുന്നത് പതിവായ കർണാടകത്തിൽ കർഷകർ ഉടൻ താലൂക്ക് ഓഫീസുകളിലെത്തി ഭൂരേഖകൾ പരിശോധിക്കണമെന്ന് കർണാടക ബിജെപി ആഹ്വാനം ചെയ്തു.
പൈതൃകമായി ലഭിച്ചതുൾപ്പെടെയുള്ള വസ്തുക്കളും ക്ഷേത്രങ്ങളും ശ്മശാനങ്ങളും പൊതുസ്ഥാപനങ്ങളും പുരാവസ്തു സ്മാരകങ്ങളും ഉൾപ്പെടെ നിരവധി വസ്തുവകകൾ തങ്ങളുടേതാക്കി മാറ്റുന്ന വഖ്ഫ് അധിനിവേശം അതിന്റെ പരകോടിയിലെത്തി നിൽക്കുന്ന ഘട്ടത്തിലാണ് കർഷകരോട് ഇങ്ങിനെ ആഹ്വാനം ചെയ്തിരിക്കുന്നത്.
ചന്നപട്ടണ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടക സംസ്ഥാന പ്രതിപക്ഷ നേതാവ് ആർ അശോകയാണ് ഈ ആഹ്വാനം നടത്തിയത്.
ചന്നപട്ടണയിൽ എൻ ഡി എ സ്ഥാനാർത്ഥി നിഖിൽ കുമാരസ്വാമിക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയതായിരുന്നു പ്രതിപക്ഷ നേതാവ് ആർ.അശോക. ഞായറാഴ്ച ചക്കരെ ഗ്രാമത്തിൽ പ്രചാരണത്തിനെത്തിപ്പോഴാണ് വഖ്ഫ് അധിനിവേശത്തെക്കുറിച്ച് അദ്ദേഹം കർഷകർക്ക് മുന്നറിയിപ്പ് നൽകിയത്. വഖഫ് ബോർഡ് എല്ലായിടത്തും ഭൂമി തട്ടിയെടുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും കർഷകർ ഉടൻ താലൂക്ക് ഓഫീസുകളിലെത്തി ഭൂരേഖകൾ പരിശോധിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.നൂറുകണക്കിന് വർഷങ്ങളായി കർഷകർ ഭൂമിയിൽ താമസിക്കുന്നുണ്ടെങ്കിലും അതിന് മുമ്പും ഭൂമി കൈവശം വച്ചിരുന്നുവെന്ന വ്യാജ രേഖകൾ വഖഫ് ബോർഡ് സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
“ചന്നപട്ടണ താലൂക്കിലെ യലിയൂരിനടുത്തുള്ള ഹിന്ദുക്കളുടെ രുദ്രഭൂമിയിലും വഖ്‌ഫിന്റെ കണ്ണ് പതിഞ്ഞിട്ടുണ്ട്. നൂറ്റാണ്ടുകളായി ഉഴുതുമറിക്കുന്നുണ്ടെങ്കിലും കർഷകരുടെ ഭൂമിയുടെ വ്യാജരേഖകൾ ഉണ്ടാക്കുകയാണ്. അതുകൊണ്ട് കർഷകർ ഉടൻ താലൂക്ക് ഓഫീസുകളിൽ എത്തി ഭൂരേഖകൾ പരിശോധിക്കണം” അദ്ദേഹം അഭ്യർത്ഥിച്ചു. ഇന്ത്യൻ സൈന്യത്തേക്കാൾ കൂടുതൽ ഭൂമി വഖഫ് ബോർഡിന് ഉണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
കർണാടകയിൽ വഖ്ഫ് അധിനിവേശ തർക്കം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിനെതിരെ ബിജെപി തിങ്കളാഴ്ച തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.















